ആഷിഖിനെതിരായ ആരോപണത്തിന്റെ ഉറവിടം തേടി സംസ്ഥാന ഇന്റലിജന്‍സ്

കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് യുവ സംവിധായകന്‍ ആഷിഖ് അബു, നടിയും ഭാര്യയുമായ റിമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരാനിടയായ സാഹചര്യം സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിക്കുന്നു. വാര്‍ത്തയ്‌ക്കെതിരെ പരസ്യമായി ആഷിഖ് അബു പ്രതികരിക്കുകയും മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് അന്വേഷണം.

എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്ന്‍ സഹിതം യുവതികള്‍ക്കൊപ്പം പിടിയിലായ നടന്‍ ഷൈന്‍ ടോമുമായി നടന്‍ ആഷിഖ് അബുവിനും ഫഹദ് ഫാസിലിനുമുണ്ടായിരുന്ന സൗഹൃദമാണ് ഇവരുടെ പേര് വലിച്ചിഴയ്ക്കപ്പെടാന്‍ കാരണമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ഷൈനിന്റെ മൊബൈലില്‍ ഇവരുമൊത്തുള്ള ഫോട്ടോകളുമുണ്ടായിരുന്നു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഇതില്‍ പുതുമയൊന്നുമില്ലെന്ന നിലപാടിലാണ് പൊലീസ്.

ഷൈന്‍ തന്റെ സുഹൃത്താണെന്നും ഇനിയും സുഹൃത്താകുമെന്നും പ്രഖ്യാപിച്ച ആഷിഖ് അബു അവന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടിലാണ്. ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 19238 ലൈക്കും 2977 ഷെയറും 2666 കമന്റ്‌സും ഇപ്പോള്‍ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ആഷിഖ് ആബുവിന് പൊതു സമൂഹത്തിലുള്ള സ്വീകാര്യതയാണ് ഈ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

വാര്‍ത്തയ്ക്ക് പിന്നാലെ പോയി സെലിബ്രിറ്റികളുടെ ഇമേജ് മോശമാക്കുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്ന കര്‍ക്കശ നിര്‍ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. തെളിവുകള്‍ മാത്രം പരിശോധിച്ച് മുന്നോട്ട് നീങ്ങാനാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം.

വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കും ലേഖകനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഫേസ്ബുക്കിലുള്ളത്. പൊലീസിലെ ഏതെങ്കിലും കേന്ദ്രങ്ങളോ, മറ്റേതെങ്കിലും വ്യക്തികളോ ലേഖകനെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത നല്‍കിയതാണോ എന്ന കാര്യവും ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.

വന്‍ മയക്കുമരുന്ന് മാഫിയകളുടെ കൈവശത്ത് നിന്നാണ് യുവതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്ന് വ്യക്തമായിരിക്കെ പൊലീസ് അന്വേഷണം വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്നും ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്. പ്രധാനമായും മോഡല്‍ രേഷ്മ രംഗസ്വാമിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പിടിയിലായ നടന്‍ ഷൈന്‍ ടോമിന്റെയും യുവതികളുടെയും ടെലിഫോണ്‍ വിശദാംശങ്ങളും ഇ-മെയില്‍ – വാട്‌സ് ആപ്പ് സന്ദേശങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ പരിശോധിച്ചിട്ടുണ്ട്. രേഷ്മ രംഗസ്വാമി വഴി മയക്കുമരുന്ന് മാഫിയയെ കുരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഗോവ – ബംഗലൂരു പൊലീസുമായി സഹകരിച്ചാണ് സംസ്ഥാന പൊലീസിന്റെ അന്വേഷണം. കസ്റ്റഡിയിലുള്ള പ്രതികളെ സംസ്ഥാനത്തിന്റെ പുറത്ത് വച്ചാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

Top