ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

ലണ്ടന്‍: ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 481 റണ്‍സിനെതിരെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റിന് 107 റണ്‍സ് എന്ന നിലയിലാണ് അവര്‍. രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കേ 374 റണ്‍സ് പിറകിലാണ് ആതിഥേയര്‍ ഇപ്പോള്‍.

തലേന്നത്തെ മൂന്നിന് 287 റണ്‍സെന്ന സ്‌കോറുമായി ബാറ്റിങ് തുടര്‍ന്ന കംഗാരുക്കള്‍ക്ക് സ്റ്റീവന്‍ സ്മിത്തിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് കരുത്തായത്. സ്മിത്ത് 252 പന്തില്‍ 17 ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടെ 143 റണ്‍സെടുത്തു. ഈ ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും സ്മിത്താണ്.

അര്‍ധസെഞ്ച്വറി നേടിയ വോഗ്‌സും (76) മിച്ചല്‍ സ്റ്റാര്‍ക്കും (58) സ്മിത്തിന് മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ സ്മിത്ത്‌വോഗ്‌സ് സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ എട്ടാം വിക്കറ്റില്‍ സ്മിത്ത് സ്റ്റാര്‍ക്കിനൊപ്പം 91 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്‍, ബെന്‍ സ്‌റ്റോക്ക്‌സ്, മൊയീന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വുഡിനാണ് ഒരു വിക്കറ്റ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലീഷ് ബാറ്റിങ് നിര ഓസീസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ തകരുകയായിരുന്നു. ആദം ലിത്ത് (19), അലിസ്റ്റര്‍ കുക്ക് (22), ഇയാന്‍ ബെല്‍ (10), ജോ റൂട്ട് (6), ജോണി ബെയര്‍സ്‌റ്റോ (13), ബെന്‍ സ്‌റ്റോക്ക്‌സ് (15), ജോസ് ബട്ട്‌ലര്‍ (1), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. മൊയീന്‍ അലിയും (8) മാര്‍ക്ക് വുഡുമാണ് (8) ഇപ്പോള്‍ ക്രീസില്‍.

ഓസീസിനായി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ ലയണും പീറ്റര്‍ സിഡിലും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. മിച്ചല്‍ ജോണ്‍സനാണ് ഒരു വിക്കറ്റ്.

Top