ആഷസ്: ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും അഭിമാന പോരാട്ടത്തിന് കാര്‍ഡിഫില്‍ തുടക്കം

കാര്‍ഡിഫ്: ക്രിക്കറ്റ് വൈരത്തിന്റെ ചരിത്രത്താളുകളില്‍ അധ്യായമെഴുതിച്ചേര്‍ക്കുന്ന ആഷസ് പരമ്പരയുടെ അറുപത്തിയൊന്‍പതാം പതിപ്പിന് ബുധനാഴ്ച തുടക്കം. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ പരിചയസമ്പന്നരുടെ നിരയുമായി ഓസ്‌ട്രേലിയയും പരമ്പര തിരിച്ചുപിടിക്കാന്‍ യുവടീമുമായി ഇംഗ്ലണ്ടും അഭിമാനപോരാട്ടത്തിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം.

ബാറ്റിങ്ങില്‍ കുക്കും ഇയാന്‍ ബെല്ലുമാണ് ഇംഗ്ലണ്ട് ടീമിന്റെ പരിചയസമ്പന്നര്‍. ഗാരി ബാലന്‍സ്, ജോ റൂട്ട്, ജോസ് ബട്ട്‌ലര്‍ ആദം ലെയ്ത്ത്, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി എന്നിവരില്‍ ടീം പ്രതീക്ഷ വെക്കുന്നുണ്ട്. ബൗളിങ് വിഭാഗത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍, സ്പിന്നര്‍ ആദില്‍ റഷീദ്, പേസര്‍ മാര്‍ക്ക് വുഡ് എന്നിവരാണുള്ളത്.

ആഷസ് നിലനിര്‍ത്താനൊരുങ്ങുന്ന ഓസീസിന് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും ഉപനായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും ഫോമാകും നിര്‍ണായകമാകുന്നത്. സമീപകാലത്ത് സ്മിത്ത് മികച്ച ഫോമിലാണ്. ക്ലാര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരവും.

ക്രിസ് റോജേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സന്‍, ഷോണ്‍മാര്‍ഷ്, ബ്രാഡ് ഹാഡിന്‍, എന്നിവര്‍ ബാറ്റിങ്ങിന് കരുത്താകും. മികച്ച ബൗളിങ് നിര ടീമിന് നേട്ടമാണ്. മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പീറ്റര്‍ സിഡില്‍, പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഏത് ടീമിനേയും തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്.

ഓസ്‌ട്രേലിയ 32 പരമ്പരകളിലും ഇംഗ്ലണ്ട് 31 പരമ്പരകളിലും ജേതാക്കളായിട്ടുണ്ട്. അഞ്ച് പരമ്പരകള്‍ സമനിലയിലായി. ഓസീസ് 128 ടെസ്റ്റുകളിലും ഇംഗ്ലണ്ട് 103 ടെസ്റ്റുകളിലും ജയിച്ചു. 88 ടെസ്റ്റുകള്‍ സമനിലയിലായി. റണ്‍വേട്ടയില്‍ 5028 റണ്‍സുമായി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും വിക്കറ്റ് വേട്ടയില്‍ 195 റണ്‍സുമായി ലഗ്‌സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ് മുന്നില്‍.

Top