ആശാശരത്തിന്റെ വ്യാജവീഡിയോ: രണ്ട്‌ യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: പ്രമുഖ സിനിമാ-സീരിയല്‍ താരം ആശാ ശരത്തിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് കണ്ടെത്തി. മലപ്പുറം സ്വദേശികളായ ഈ യുവാക്കളാണ് വീഡിയോ സൃഷ്ടിച്ചതും സാമൂഹ്യസൈറ്റില്‍ പോസ്റ്റു ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായിട്ടാണ് വിവരം.

യുവാക്കളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ ആശാശരത്ത് നല്‍കിയ പരാതിയില്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പോലീസ് 20 കാരായ യുവാക്കളെ പിടികൂടിയത്. ദൃശ്യങ്ങള്‍ ആദ്യം അപ്‌ലോഡ് ചെയ്തത് എവിടെ നിന്നാണെന്ന അന്വേഷണം മലപ്പുറത്തെ ഒരു ഐ പി അഡ്രസിലേക്ക് എത്തിക്കുകയും അവിടെ നിന്നും ഈ ഐ പി അഡ്രസ് ഉപയോഗിച്ചത് ഈ യുവാക്കളാണെന്നും കണ്ടെത്തുകയായിരുന്നു.

ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ വീഡിയോ തങ്ങള്‍ക്ക് കിട്ടിയതാണെന്ന് പറഞ്ഞ യുവാക്കള്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീഡിയോ സൃഷ്ടിച്ചതും അപ്‌ലോഡ് ചെയ്തതും തങ്ങളാണെന്നു സമ്മതിച്ചു. ഇതിനായി വ്യാജ ഫേസ് ബുക്ക് വിലാസം ഉണ്ടാക്കിയായിരുന്നു അപ്‌ലോഡ് ചെയ്തത്. വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും കണ്ടെത്തി. കേസ് നിയമപരമായി നില്‍ക്കാന്‍ ഐ പി വിലാസം സംബന്ധിച്ച് വ്യക്തത തേടി പൊലീസ് ഫേസ് ബുക്കിന് കത്തയിച്ചിട്ടുണ്ട്.

കുറ്റക്കാരെന്ന് തിരിച്ചറിഞ്ഞ മലപ്പുറം സ്വദേശികളായ യുവാക്കള്‍ മുന്‍പും നടിമാരുടെ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ നിയമനടപടിക്ക് വേണ്ടി ആശാ ശരത് ശക്തമായി രംഗത്ത് വന്നതും ഉറച്ചു നിന്നതുമാണ് പ്രതികളെ കണ്ടെത്താന്‍ തുണയായത്.

തന്റെ പേരില്‍ ഫെയിസ് ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന ചില വീഡിയോകള്‍ വ്യക്തിത്വത്തിനും സ്ത്രീത്വത്തിനും അപമാനം ഉണ്ടാക്കുന്നതായി ഒരു മാസം മുന്‍പായിരുന്നു ആശാ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയും ആവശ്യപ്പെട്ടിരുന്നു.

Top