ആലത്തിന്റെ മോചനം തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് മസരത്ത് ആലമിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച രണ്ടു കത്തുകളാണു പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീങ്ങിയതോടെ 49 ദിവസം സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. ഇക്കാലയളവിലാണു ആലമിന്റെ മോചന തീരുമാനവും കൈക്കൊണ്ടത്.
പൊതു സുരക്ഷാ നിയമപ്രകാരം 2014 സെപ്റ്റംബറിലാണ് ആലത്തെ കസ്റ്റഡിയിലെടുത്തത്. ഈ നിയമ പ്രകാരം ഒരാളെ രണ്ടു വര്‍ഷം വരെ കസ്റ്റഡിയില്‍ വയ്ക്കാം. എന്നാല്‍ കസ്റ്റഡിയിലെടുത്ത ഉത്തരവ് 12 ദിവസത്തിനുള്ളില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് അംഗീകരിക്കണമെന്നാണു വ്യവസ്ഥ. അതുമല്ലെങ്കില്‍ ഉപദേശക സമിതി ഒരു മാസത്തിനുള്ളില്‍ ഇത് അം ഗീകരിക്കണം. ആലത്തിന്റെ കാര്യത്തില്‍ ഇത് രണ്ടും ഉണ്ടായില്ല. ഇതോടെ കസ്റ്റഡി ഉത്തരവ് റദ്ദായി. ഇക്കാര്യം ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍ ജമ്മു കശ്മീര്‍ മജിസ്‌ട്രേറ്റിനെ കത്ത് മുഖാന്തരം വിവരം അറിയിച്ചു. ആലത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പുതിയ കേസുകളുണ്ടോയെന്നു കോടതി ആഭ്യന്തര വകുപ്പിനോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ആലത്തിന്റെ മോചനം സാധ്യമായത്. പിഡിപിബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് പൊലീസിന് അയച്ച കത്തില്‍ ആലത്തിന്റെ കരുതല്‍ തടങ്കല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇയാളെ മോചിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
ആലത്തിന്റെ മോചനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപിയുടെ അഭിപ്രായം ആരായാതെയാണു പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് ആലത്തെ വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. ഹുറിയത്ത് കോണ്‍ഫറന്‍സ് സഖ്യത്തിലെ പങ്കാളിയും മുസ്ലിം ലീഗ് ചെയര്‍മാനുമാണു മസരത്ത്.
രാജ്യത്തിനെതിരേ 2008 ലും 2010 ലും നടത്തിയ കല്ലേറു സമരത്തില്‍ 115 പേര്‍ മരിക്കാനിടയായ സംഭവത്തിലാണു ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
സമരത്തിനു പിന്നാലെ ആലം ഒളിവില്‍ പോയിരുന്നു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. നാലു മാസങ്ങള്‍ക്കു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു.

Top