ആറന്മുള: വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി പുനഃപരിശോധിക്കും: മഹേഷ് ശര്‍മ

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളപദ്ധതിക്ക് വ്യോമയാന മന്ത്രാലയം നല്‍കിയ അനുമതി പുനഃപരിശോധിക്കുമെന്ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ. വിവിധ മന്ത്രാലയങ്ങളും സുപ്രീംകോടതിയും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, വിമാനത്താവളത്തിനായി ശ്രമിക്കുന്ന കെജിഎസ് ഗ്രൂപ്പിന് ആക്ഷേപങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ പരിസ്ഥിതിമന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിലെ പ്രബലവിഭാഗം വിമാനത്താവളപദ്ധതിക്ക് അനുകൂലമാണ്. പരിസ്ഥിതിവിഷയങ്ങളുടെ പേരില്‍ അനുമതി നിഷേധിച്ചാല്‍ മോഡിസര്‍ക്കാരിന്റെ നിക്ഷേപകസൗഹൃദ പ്രതിച്ഛായക്ക് കോട്ടംതട്ടുമെന്നാണ് ഇവരുടെ വാദം. സര്‍ക്കാരിന്റെ കഴിഞ്ഞ സാമ്പത്തികസര്‍വേയിലും പദ്ധതി ഇടംനേടിയിരുന്നു.

Top