ആറന്മുള വിമാനത്താവളം: പരിസ്ഥിതി അനുമതി തേടി കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചത് തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ ഈ മാസം 23നു പരിഗണിക്കും

പദ്ധതി പ്രദേശത്ത 490 ഏക്കറില്‍ അമ്പത് ഏക്കര്‍ തരിശുഭൂമിയും 41 ഏക്കര്‍ റബ്ബര്‍ പ്ലാന്റേഷനുമാണ്. കൃഷിയോഗ്യമല്ലാത്ത 325 ഏക്കറും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടും. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉള്‍പ്പെട്ടതാണ് പദ്ധതി പ്രദേശം. ഇതില്‍ 66 ശതമാനവും കൃഷിയോഗ്യമല്ലാത്തതാണ്.

ഭൗമശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ പട്ടിക പ്രകാരം നിര്‍ദിഷ്ട പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്ന ആറന്മുള വില്ലേജില്‍ ചതുപ്പുനിലം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അപേക്ഷയില്‍ പറയുന്നു.

വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മേയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ അപേക്ഷ നല്‍കിയത്. പദ്ധതിക്ക് കേരള സര്‍ക്കാര്‍ നേരത്തെ എന്‍ഒസി നല്‍കിയിരുന്നു.

Top