ആറന്മുള വിമാനത്താവളം: കെജിഎസ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളം നിര്‍മ്മിക്കുന്നതിന് പുതിയ പരിസ്ഥിതി പഠനത്തിനായി കെജിഎസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ മടക്കി. ഭൂമിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കത്തതിനാലാണ് അപേക്ഷ മടക്കിയത്.

പദ്ധതി പ്രദേശത്ത് നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി സംബന്ധിച്ച രേഖകളും കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകളും കെജിഎസ് ഹാജരാക്കിയിരുന്നില്ല. രേഖകള്‍ പൂര്‍ണമായും ഹാജരാക്കിയാല്‍ പുതിയപഠനം സംബന്ധിച്ച അപേക്ഷ പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

പദ്ധതിയ്ക്കായി വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള അനുമതി തേടി ഡിസംബര്‍ 24 നാണ് കെജിഎസ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. മുന്‍പ് പഠനം നടത്തിയ കമ്പനിയെ ഒഴിവാക്കിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്.

പദ്ധതിയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. വിധി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

Top