തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐ(എം) തീരുമാനം

ന്യൂഡല്‍ഹി: ആര്‍എസ്പി -ജനതാദള്‍ (യു) പാര്‍ട്ടികളെ ഇടതുമുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം കേന്ദ്രനേതൃത്വം ഇരുപാര്‍ട്ടികളിലെയും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും.

ആര്‍എസ്പി കേരള ഘടകമൊഴികെയുള്ളവ ഇടതുപക്ഷത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി കേരളഘടകം യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു പരാജയമാണ് ജനതാദള്‍ (യു) വിനെയും ആര്‍എസ്പിയെയും ഇടതുമുന്നണിയിലേക്ക് തിരിച്ച് വരുന്നതില്‍ നിന്ന് പിറകോട്ടടുപ്പിച്ചിരുന്നത്.

എന്നാല്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘടനകള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന പുതിയ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്ന മതേതര പാര്‍ട്ടികള്‍ ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സിപിഎം കേന്ദ്ര നേതൃത്വം ശക്തമായി ഇടപെടുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പറ്റാവുന്ന സ്ഥലങ്ങളില്‍ ആര്‍എസ്പി, ജനതാദള്‍ (യു) കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം എന്നിവരുമായി ധാരണയുണ്ടാക്കുന്നതിനും നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഏതു വിധേനയും ബിജെപി സ്ഥാനാര്‍ഥി വിജയിച്ച് കയറുന്നത് തടയാനാണ് തീരുമാനം.

ഇതിനായി ബിജെപി ഇതര മറ്റ് പാര്‍ട്ടികളുമായും സംഘടനകളുമായും സഹകരിക്കാനും സിപിഎം ന് പദ്ധതിയുണ്ട്. ഈ ധാരണ ഇപ്പോള്‍ തന്നെ പലയിടത്തും നടപ്പാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

സിപിഎംന്റെ ഈ വെല്ലുവിളി നേരിടാന്‍ ഘടകകക്ഷികളെ പിണക്കാതെ പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ് കെപിസിസി നേതൃത്വം ഡിസിസി നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ മികച്ച വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പല ഘടകകക്ഷികളും ഇടതു പാളയത്തിലേക്ക് കൂടുമാറുമെന്ന ഭയവും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്.

എസ്എന്‍ഡിപി സഹകരണത്തോടെ ബിജെപി ഇടത് വോട്ടുകള്‍ ചോര്‍ത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍.

സിപിഎമ്മിന്റെയും ബിജെപിയുടെയും പാത പിന്തുടര്‍ന്ന് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് തന്നെയാണ് കോണ്‍ഗ്രസ്സും പ്രഥമ പരിഗണന കൊടുക്കുന്നത്.

Top