ആര്‍എസ്പിയെയും ജനതാദള്‍ (യു)വിനെയും ഇടത് പക്ഷത്തേക്ക്‌ മാറ്റാന്‍ സിപിഎം നീക്കം

ന്യൂഡല്‍ഹി: യുഡിഎഫിലെ ഘടകകക്ഷികളായ ആര്‍എസ്പി, സോഷ്യലിസ്റ്റ് ജനത, എന്നിവരെ ഇടതുപക്ഷത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമായി.

ഈ മാസം 14 മുതല്‍ 19 വരെ വിജയവാഡയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗികമായ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ പരിവാറായി പ്രവര്‍ത്തിക്കുകയും ലയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതക്ക് ഇടതുപാളയത്തിലെത്താന്‍ അവസരമൊരുക്കുമെന്നാണ് സിപിഎം നേതാക്കളുടെ കണക്കു കൂട്ടല്‍.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജനതാദള്‍ (യു)വില്‍ സോഷ്യലിസ്റ്റ് ജനത ലയിച്ചതിനാല്‍ ജനതാദള്‍ (യു) ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

നിലവില്‍ ഇടതുപക്ഷത്തുള്ള ജനതാദള്‍ (എസ്)ഉം ജനതാ പരിവാറില്‍ ലയിച്ച് ഒറ്റ പാര്‍ട്ടി ആകുന്നതിനാല്‍ ഇവര്‍ക്കും ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാണ്. സമാജ് വാദി പാര്‍ട്ടി, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി തുടങ്ങിയവയാണ് ജനതാ പരിവാറിലെ മറ്റ് പ്രധാന പാര്‍ട്ടികള്‍.

ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്‍തുണയുമുള്ളതിനാല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരില്‍ തുടരുന്നതില്‍ തെറ്റില്ലെന്ന വാദം വീരേന്ദ്ര കുമാര്‍ വിഭാഗത്തിനുണ്ടെങ്കിലും ആത്യന്തികമായി ഇടതുപക്ഷത്തേക്ക് മടങ്ങിപ്പോകാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

നിലവില്‍ ഇടതുപക്ഷത്തുള്ള ജനതാദള്‍ വിഭാഗത്തിന് ജനപിന്‍തുണ ഇല്ലാത്തതിനാല്‍ പ്രധാന പരിഗണന തങ്ങളുടെ വിഭാഗത്തിന് കിട്ടണമെന്ന ആവശ്യം ഇടതുപക്ഷം അംഗീകരിച്ചാല്‍ യുഡിഎഫ് വിടുമെന്നാണ് വീരേന്ദ്ര കുമാര്‍ വിഭാഗം നേതാക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യങ്ങളില്‍ സിപിഎം നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നിലപാട് വ്യക്തമാക്കും.

വീരേന്ദ്ര കുമാറുമായി അടുത്ത ബന്ധം പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ളത് തങ്ങളുടെ നിലനില്‍പിനെ ബാധിക്കുമോയെന്ന ആശങ്ക ജനതാദള്‍ (എസ്)നേതാക്കള്‍ക്കിടയിലും രൂപപ്പെട്ടിട്ടുണ്ട്.

കൊല്ലം പാര്‍ലമെന്റ് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യുഡിഎഫ് പാളയത്തിലെ ആര്‍എസ്പി ഷിബു ബേബി ജോണ്‍ വിഭാഗവുമായി ലയിച്ച ആര്‍എസ്പിയും മടക്കയാത്രയുടെ ആലോചനയിലാണ്.

സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി ആര്‍എസ്പി കേന്ദ്ര നേതൃത്വമാണ് ഇടത് പാളയത്തിലേക്ക് തിരിച്ചുപോകാന്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ സമ്മര്‍ദം ചെലുത്തുന്നത്.

ദേശീയ തലത്തില്‍ ഇടതുപക്ഷത്തോടൊപ്പവും സംസ്ഥാനത്ത് യുഡിഎഫിനൊപ്പവും നില്‍ക്കേണ്ട ഗതികേട് മാറണമെന്ന് ആര്‍എസ്പി അണികളും ആഗ്രഹിക്കുന്നുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫ് മറിച്ചൊരു തീരുമാനമെടുത്താല്‍ അത് ഒരു കാരണമാക്കി യുഡിഎഫ് വിടാനാണ് ആര്‍എസ്പിയുടെ നീക്കം. ഈ അപകടം മുന്നില്‍ കണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍സ്പിക്ക് തന്നെ നല്‍കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇനി ആര്‍എസ്പി യുഡിഎഫ് വിടുന്ന സാഹചര്യം ഉറപ്പായാല്‍ ഷിബു ബേബി ജോണ്‍ വിഭാഗം പിളര്‍ന്ന് പഴയപോലെ യുഡിഎഫില്‍ തുടരുമെന്ന പ്രതീക്ഷയും യുഡിഎഫ് നേതൃത്വത്തിനുണ്ട്.

പി.സി ജോര്‍ജും ഗണേഷിന്റെ വഴിയെ പുറത്തേക്ക് പോകുന്ന സാഹചര്യമുള്ളതിനാല്‍ ആര്‍എസ്പിയോ ജനതാദള്‍ (യു) വോ മുന്നണി വിട്ടാല്‍ സര്‍ക്കാര്‍ നിലംപൊത്തും.

ഗണേഷിനെയും പി.സി ജോര്‍ജിനെയും ഇടതുപക്ഷത്തോട് സഹകരിപ്പിക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ രണ്ട് അഭിപ്രായമുയര്‍ന്നതിനാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ കാത്തു നില്‍ക്കാനാണ് ഇടത് നേതൃത്വത്തിന്റെ തീരുമാനം.

Top