ആര്‍എസ്പിയെയും ജെഡിയുവിനെയും തിരികെ കൊണ്ടുവരാന്‍ മധ്യസ്ഥത വഹിച്ച് വി.എസ്

തിരുവനന്തപുരം: ആര്‍എസ്പിയെയും ജെഡിയുവിനെയും ഇടതുമുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ വി.എസും ഇടപെടുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആശീര്‍വാദത്തോടെ ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങളുമായി വി.എസ് അച്യുതാനന്ദന്‍ ഉടനെ തന്നെ ആശയവിനിമയം നടത്തുമെന്നാണ് സൂചന.

അടുത്ത് തന്നെ ചേരുന്ന സിപിഎം കേന്ദ്ര -സംസ്ഥാന നേതൃയോഗങ്ങളില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടാകും. ഇതിനുശേഷമായിരിക്കും ഇടതുമുന്നണി യോഗം വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനം കൈക്കൊള്ളുക.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ മാത്രമല്ല ആര്‍എസ്പി, ജെഡിയു നേതാക്കളുമായി വി.എസിനുള്ള വ്യക്തിപരമായ ബന്ധവും ഈ പാര്‍ട്ടികളെ തിരികെ കൊണ്ടുവരുന്നതിന് ഉപയോഗപ്പെടുത്താനാണ് സീതാറാം യെച്ചൂരിയുടെ തീരുമാനം.

ദേശീയ തലത്തില്‍ ഇടതുപക്ഷത്തോടൊപ്പവും സംസ്ഥാന തലത്തില്‍ യുഡിഎഫിനൊപ്പവും നില്‍ക്കുന്ന വൈരുദ്ധ്യം മാറണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ആര്‍എസ്പി നേതാക്കളും പ്രവര്‍ത്തകരും ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന അഭിപ്രായക്കാരാണ്.

ഷിബു ബേബി ജോണിന്റെ ആര്‍എസ്പി ബി യുമായി ലയിച്ച് ഒറ്റ ആര്‍എസ്പിയായി മാറിയതിനാല്‍ മടക്കയാത്രയില്‍ ഷിബുബേബി ജോണും ഒപ്പമുണ്ടാകുമോയെന്ന കാര്യത്തില്‍ ആര്‍എസ്പി നേതൃത്വത്തില്‍ തന്നെ ആശയക്കുഴപ്പം തുടരുകയാണ്. മാന്യമായ പരിഗണനയോടെയുള്ള ക്ഷണം നിരസിക്കരുതെന്ന വികാരമാണ് ഭൂരിപക്ഷ നേതാക്കള്‍ക്കുമുള്ളത്.

കൊല്ലം ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് പിന്‍തുണയോടെ വിജയിച്ചതിനാല്‍ എം.പി സ്ഥാനം വഹിച്ച് ഇടത് പാളയത്തിലെത്തുന്നതിന്റെ ധാര്‍മിക ബുദ്ധിമുട്ട് പ്രേമചന്ദ്രനുണ്ട്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ട് വാങ്ങി ജയിച്ച ആര്‍എസ്പി എംഎല്‍എമാരായ അസീസിനും കോവൂര്‍ കുഞ്ഞുമോനും യുഡിഎഫില്‍ പോകാമെങ്കില്‍ എം.പി സ്ഥാനം വഹിച്ച് തിരികെ വരാമെന്ന നിലപാടിലാണ് വി.എസ്.

പിണറായി വിജയനുമായി പരസ്യമായി ഏറ്റുമുട്ടി മുന്നണിക്ക് പുറത്ത് പോയ ആര്‍എസ്പിയും ജെഡിയുവും സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഇപ്പോള്‍ വന്ന മാറ്റത്തിലും വി.എസ് കൂടുതല്‍ കരുത്തനായതിലും ആതീവ സന്തോഷത്തിലാണ്. അതുകെണ്ട് തന്നെ വി.എസിന്റെയും യെച്ചൂരിയുടെയും ക്ഷണത്തെ തള്ളിക്കളയേണ്ടതില്ലെന്ന നിലപാടിലാണ് ഇരുപാര്‍ട്ടികളും.

ഗണേഷിന്റെയും പി.സി ജോര്‍ജിന്റെയും ഉടക്കിലൂടെ കുടുക്കിലായ യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്പിയോ ജെഡിയുവോ മുന്നണി വിട്ടാല്‍, അപ്പോള്‍ തന്നെ നിലംപൊത്തുമെന്നതിനാല്‍ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ അതീവ ഗൗരവമായാണ് യുഡിഎഫ് നേതൃത്വം വീക്ഷിക്കുന്നത്.

ആര്‍എസ്പിയെ അനുനയിപ്പിക്കാന്‍ ഒഴിവുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ജെഡിയുവിന്റെ ഉടക്ക് മാറ്റാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വീരേന്ദ്ര കുമാര്‍ അടക്കമുള്ള നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.

മുന്നണിയുടെ അവഗണനക്കെതിരെ പരസ്യമായി പ്രതികരിച്ച വീരേന്ദ്ര കുമാറിനെയും ജെഡിയു നേതൃത്വത്തെയും തണുപ്പിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നേരിട്ടാണ് രംഗത്തിറങ്ങിയിട്ടുള്ളത്.

തൃശൂരിലെ ജെഡിയു പ്രവര്‍ത്തകന്റെ കൊലപാതക കേസ് അന്വേഷണം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിട്ടതും ജെഡിയു നേതൃത്വത്തെ അനുനയിപ്പിക്കാനാണ്.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ വീരേന്ദ്ര കുമാറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് വി.എം സുധീരന്‍ വീരേന്ദ്ര കുമാറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

യുഡിഎഫ് അവഗണനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തേക്ക് മടങ്ങാന്‍ നേരത്തെ തന്നെ ജെഡിയുവും ആര്‍എസ്പിയും ആഗ്രഹിച്ചെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം ‘തെറ്റ്’ തിരുത്തി മടങ്ങി വരേണ്ടവര്‍ക്ക് വരാമെന്ന ഒഴുക്കന്‍ നിലപാട് സ്വീകരിച്ചതാണ് പാര്‍ട്ടികളെ പിറകോട്ടടുപ്പിച്ചിരുന്നത്.

എന്നാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായതും വി.എസിനെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിര്‍ത്തുകയും ചെയ്തതോടെ ആര്‍എസ്പി- ജെഡിയു നേതൃത്വങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറക് വച്ചിരിക്കുകയാണ്.

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ വി.എസ് ഉടനെ തന്നെ മുന്നണി വിട്ട ഘടകകക്ഷികളെ തിരിച്ച് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതും ഇതിനായി യെച്ചൂരി മുന്‍കൈയെടുക്കുമെന്ന് പറഞ്ഞതും സിപിഎം സംസ്ഥാന നേതാക്കളെയും ഞെട്ടിച്ചിരുന്നു. സംസ്ഥാന സമ്മേളനം പുറംതള്ളിയിട്ടും വി.എസ് ഇടപെടല്‍ നടത്തുന്നതാണ് പിണറായി വിഭാഗം നേതാക്കളെ അലോസരപ്പെടുത്തുന്നത്.

മുന്‍പുണ്ടായിരുന്ന കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പിടിപ്പുകേടുകൊണ്ടാണ് ഘടകകക്ഷികള്‍ മുന്നണി വിട്ടതെന്നാണ് വി.എസിന്റെ പ്രധാന ആരോപണം.

വിശാഖപട്ടണത്ത് വച്ച് വി.എസുമായി കൂടിക്കാഴ്ച നടത്തിയ സീതാറാം യച്ചൂരിയോട് ആര്‍എസ്പിയെയും ജെഡിയുവിനെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഇടപെടണമെന്ന നിര്‍ദേശം വി.എസ് മുന്നോട്ട് വച്ചിരുന്നു. തിരുവനന്തപുരത്തെ വി.എസിന്റെ പ്രഖ്യാപനം ഇക്കാര്യത്തിലെ യെച്ചൂരിയുടെ ‘ഉറപ്പിനെ’ തുടര്‍ന്നാണെന്നാണ് സൂചന.

സിപിഎം സെന്‍ട്രല്‍ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെ പിന്‍തുണയുള്ള ജനറല്‍ സെക്രട്ടറിയില്‍ ശക്തമായ സ്വാധീനമുള്ള വി.എസിന്റെ തന്ത്രപരമായ നീക്കങ്ങളെ സിപിഎം സംസ്ഥാന നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

പിണറായിയുടെ പിന്‍ഗാമിയായി വന്ന കോടിയേരി ബാലകൃഷ്ണന് വി.എസിന്റെയോ യെച്ചൂരിയുടെയോ നീക്കങ്ങളെ എതിര്‍ക്കാന്‍ തക്ക ശേഷിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മാത്രമല്ല സിപിഎം നേതൃത്വത്തില്‍ ‘ദീര്‍ഘകാലം’ സര്‍വ്വീസ് അവശേഷിക്കുന്ന സീതാറാം യെച്ചൂരിയെ പിണക്കാന്‍ സംസ്ഥാന സമിതിയിലെ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള നല്ലൊരു വിഭാഗം തയ്യാറാകില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഈ സാഹചര്യങ്ങള്‍ മുതലാക്കി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് ഇപ്പോള്‍ വി.എസ് നടത്തുന്നത്. പിണറായി വിഭാഗത്തിലെ ചില നേതാക്കളെ മുന്‍നിര്‍ത്തി ഭിന്നിപ്പിനാണ് ശ്രമം.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഒരേ ജില്ലക്കാരനാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തെക്കന്‍ ജില്ലകളിലെ നേതാക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇനിയൊരങ്കത്തിനില്ലെങ്കിലും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തനിക്കുകൂടി സ്വീകാര്യനായിരിക്കണമെന്ന വാശിയിലാണ് വി.എസ്.

Top