ആര്‍എസ്എസിന്റേയും കേന്ദ്രമന്ത്രിയുടെയും നിലപാടില്‍ വെട്ടിലായത് വെള്ളാപ്പള്ളി

തിരുവനന്തപുരം: ദാദ്രി, ഫരീദാബാദ് അടക്കം ഇപ്പോള്‍ രാജ്യത്ത് കത്തപ്പടരുന്ന സംഭവങ്ങളെ നിസാരവല്‍ക്കരിച്ച ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം വെട്ടിലാക്കിയത് എസ്എന്‍ഡിപി യോഗനേതൃത്വത്തെ.

സംസ്ഥാനത്ത് ബിജെപി -എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടിന് മുന്‍കൈ എടുത്ത ആര്‍എസ്എസിന്റെ നേതൃത്വം തന്നെ പിന്നോക്ക ജനവിഭാഗങ്ങളെ ആശങ്കയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയത് പിന്നോക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശനും സംഘത്തിനും വലിയ തിരിച്ചടിയാണ്.

ബീഫ് വിവാദത്തിന്റെയും ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ വിജയദശമി നാളിലെ പ്രസംഗം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

‘ഇത്തരം ചെറിയ സംഭവങ്ങള്‍ രാജ്യത്തിന്റെ യശസ്സ് ഇല്ലാതാക്കില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ പരാമര്‍ശം.

ദാദ്രി സംഭവത്തില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പു നടത്തുകയാണെന്നും അവിടെ നടന്നത് സാധാരണ സംഭവമാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറും സംഘ്പരിവാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ഗോധ്രയില്‍ കര്‍സേവകരെ തീകൊളുത്തി കൊന്നപ്പോള്‍ എവിടെ ആയിരുന്നു ഈ എഴുത്തുകാരും ചിന്തകരുമെന്നായിരുന്നു ഓര്‍ഗനൈസറിന്റെ ചോദ്യം.

രാജ്യവ്യാപകമായി ബീഫ് വിവാദവുമായി സംഘര്‍ഷമുണ്ടാകുന്നതിനിടയില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ 2 ദളിത് കുട്ടികള്‍കൂടി ക്രൂരമായി കൊല്ലപ്പെട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കിയ ഘട്ടത്തില്‍ തന്നെയാണ് അപ്രതീക്ഷിതമായി മോഹന്‍ ഭഗവതും കേന്ദ്രമന്ത്രി വികെ സിങ്ങും വിവാദ പരാമര്‍ശം നടത്തിയത്.

ഫരിദാബാദില്‍ ദളിത് കുടുംബത്തെ തീ കൊളുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ കുപിതനായ വി കെ സിങ്ങ് ‘വല്ലവരും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും സംസ്ഥാന സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും തുറന്നടിക്കുകയായിരുന്നു.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കേന്ദ്രവും സംഭവം നടന്ന ഹരിയാനയും ഭരിക്കുന്നത് ബിജെപി സര്‍ക്കാരായതിനാല്‍ മന്ത്രിയുടെ പ്രതികരണം ബിജെപിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.

ഹിന്ദു സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന എസ്എന്‍ഡിപി യോഗനേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ആര്‍എസ്എസ് മേധാവിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രതികരണം.

ബീഫ് വിവാദത്തില്‍ താന്‍ പശു ഇറച്ചി കഴിക്കാറുണ്ടെന്ന് പറഞ്ഞ് എതിര്‍പ്പുകളില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഫരീദാബാദിലെ കുട്ടിക്കുരുതി ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.

മൈക്രോഫിനാന്‍സ് തട്ടിപ്പും സ്വാമി ശാശ്വതീകാനന്ദയുടെ മരണവും വെള്ളാപ്പള്ളിക്കും മകന്‍ തുഷാറിനുമെതിരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്ന ഇടതുപക്ഷം ദളിത് കുടുംബത്തെ തീകൊളുത്തി കൊന്ന സംഭവം വലിയ പ്രചാരണമാക്കിക്കൊണ്ട് വരാനാണ് ശ്രമിക്കുന്നത്.

ഇതിനായി മോദി ഭരണത്തിന്‍ കീഴില്‍ അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളും ഇടത് നേതാക്കള്‍ പൊതു സമൂഹത്തിനിടയില്‍ അവതരിപ്പിക്കുന്നുണ്ട്.

ദളിതര്‍ക്ക് നേരെ 2013 ല്‍ രാജ്യത്ത് 33,655 ആക്രമണങ്ങള്‍ നടന്നപ്പോള്‍ 2014 ല്‍ അത് 47,064 ആയി വര്‍ധിച്ചതായും ഹരിയാനയില്‍ മാത്രം 2014 ല്‍ 21 ദളിതര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ ഉദ്ധരിച്ച് സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഒടുവില്‍ കുട്ടികളെ തീകൊളുത്തിക്കൊന്ന സംഭവത്തിന് ശേഷം പ്രാവിനെ മോഷ്ടിച്ചെന്ന കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് കൊല്ലപ്പെട്ടതും ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ സവര്‍ണ്ണപ്രീണന നയത്തിന്റെ ഭാഗമായാണ് സിപിഎം വിശദീകരിക്കുന്നത്.

പിന്നോക്ക സംവരണ കാര്യത്തില്‍ ആര്‍എസ്എസ് മേധാവി നടത്തിയ അഭിപ്രായ പ്രകടനമാണ് എസ്എന്‍ഡിപി യോഗത്തെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു സംഭവം. ഇക്കാര്യത്തില്‍ മോഹന്‍ ഭഗവതില്‍നിന്ന് വ്യത്യസ്തമായ നിലപാട് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംഘ്പരിവാര്‍ സംഘടനകളെ നിയന്ത്രക്കുന്ന ആര്‍എസ്എസ് മേധാവിയുടെ നിലപാടാണ് അവരുടെ യഥാര്‍ഥ നിലപാടെന്നാണ് സിപിഎം വാദം.

അരുവിക്കരയില്‍ സംഭവിച്ചതുപോലെ സിപിഎം അനുകൂല പിന്നോക്ക വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയിലേക്ക് ചോര്‍ന്നില്ലെങ്കില്‍ അത് ഡിസംബറിലെ എസ്എന്‍ഡിപി യോഗത്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തെയും സാരമായി ബാധിക്കും.

Top