ആര്‍എസ്എസ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്റെ ആശയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടികളെടുക്കാനുള്ള ശക്തിപോലും നരേന്ദ്ര മോദിക്കില്ലെന്നും രാഹുല്‍ ആരോപിച്ചു.

മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് ചാനലുകളുടെ നേര്‍ക്ക് നോട്ടീസ് അയച്ചു. മാധ്യമങ്ങള്‍ അവരുടെ തൊഴിലാണ് ചെയ്യുന്നത്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം ആര്‍എസ്എസിന്റെ കാഴ്ചപ്പാടുമായി വിഘടിക്കുമ്പോള്‍ അവരതു തടയും. ഞങ്ങളാണ് മാധ്യമങ്ങളെ സംരക്ഷിക്കുന്നത്, അത് ഓര്‍മയുണ്ടായിരിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി.

ബൊഫോഴ്‌സ് കേസില്‍ ഓരോ തവണ ആരോപണം ഉയരുമ്പോഴും ഇന്ത്യയിലെ നീതിന്യായ സംവിധാനം രാജീവ് ഗാന്ധിക്ക് പങ്കില്ലെന്നു വ്യക്തമാക്കിയതാണ്. രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രചരണം മാത്രമാണിതെന്ന് നീതിന്യായ സംവിധാനം തന്നെ പറഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതി മോദി ശക്തനായിരിക്കുമെന്ന്. എന്നാല്‍ ഇപ്പോള്‍ മനസ്സിലായി മോദി ഭീരുവാണെന്ന്. ലളിത് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനും ക്രിക്കറ്റിനെ രക്ഷിക്കാനും കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top