ആര്യാടന്‍ തറവാടിയെന്ന് ഋഷിരാജ് സിങ് ; അഴിമതിക്കെതിരെ കൈകോര്‍ത്ത് മന്ത്രിയും

മലപ്പുറം: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തറവാടിയെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. പലപ്രമുഖരുടെയും വൈദ്യുതി മോഷണം പിടിച്ചെങ്കിലും ഒരിക്കല്‍പ്പോലും അവര്‍ക്കുവേണ്ടി ശുപാര്‍ശയുമായി മന്ത്രി വന്നിട്ടില്ലെന്നാണ് ഋഷിരാജ് സിങ് വെളിപ്പെടുത്തിയത്. ഗതാഗതവകുപ്പില്‍ ആര്യാടനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടില്ലെന്നു പറഞ്ഞാണ് അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഋഷിരാജ് സിങ് ആര്യാടന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്‍ കണ്ടെത്തിയ മൂന്നു ‘പൂച്ച’കളില്‍ പ്രധാനിയായിരുന്നു ഋഷിരാജ് സിങ്. മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം അന്വേഷിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടറായും ഋഷിരാജ് സിങ് തിളങ്ങിയിരുന്നു. വധഭീഷണിയും പ്രലോഭനങ്ങളും അതിജീവിച്ചാണ് ഋഷിരാജ് സിങ് ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അഴിമതിക്കെതിരെ സന്ധിചെയ്യാത്ത ഋഷിരാജ്‌സിങിന് ക്രമസമാധാന ചുമതല നല്‍കാതെ സര്‍ക്കാര്‍ ഒതുക്കുകയായിരുന്നു. ഗതാഗതവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ആര്യാടന്‍ ഋഷിരാജിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ആവശ്യപ്പെടുകയയിരുന്നു. വേഗപ്പൂട്ട് കൊണ്ടുവന്ന് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനു തടയിട്ട ഋഷിരാജ് ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കി.

മിന്നല്‍ പരിശോധനകളിലൂടെ നിയമലംഘനം കൈയോടെ പിടികൂടി വാര്‍ത്തകളിലും താരമായി. ഗതാഗതവകുപ്പ് ആര്യാടന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിട്ടുകൊടുത്തതോടെ ഋഷിരാജ് സിങിന്റെ അഴിമതി വിരുദ്ധ നടപടികളില്‍ പലതിനും പിന്തുണ ലഭിച്ചില്ല. ഗോപിനാഥ് മുണ്ടെയുടെ മരണത്തോടെ കാറിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെന്ന ഋഷിരാജ്‌സിങിന്റെ ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ റദ്ദാക്കി. ഋഷിരാജ് സിങിനെ മാറ്റണമെന്ന മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂര്‍ പിടിവാശികാട്ടിയപ്പോള്‍ ആര്യാടന്‍ കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജിനെ ആവശ്യപ്പെടുകയായിരുന്നു. വന്‍കിടക്കാരുടെ കോടികളുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം കുറഞ്ഞകാലം കൊണ്ട് പിടികൂടിയത്.

രാഷ്ട്രീയ സമ്മര്‍ദ്ദത്തെപ്പോലും അതിജീവിച്ചാണ് ആര്യാടന്‍ ഋഷിരാജ്‌സിങിന്റെ അഴിമതി വിരുദ്ധ നടപടികള്‍ക്ക് പിന്തുണ നല്‍കിയത്. നേരത്തെ ബാര്‍ അഴിമതിയില്‍ കോഴയുമായെത്തിയ ബാര്‍ മുതലാളിമാരില്‍ നിന്നും പണം സ്വീകരിക്കാതെ മടക്കി അയച്ച് കുഞ്ഞാലിക്കുട്ടിയെ പോലെ തന്നെ ആര്യാടനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴവാങ്ങിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ വെളിപ്പെടുത്തലിനിടെയാണ് കോഴപ്പണം തിരിച്ചയച്ച് ആര്യാടന്‍ വ്യത്യസ്ഥനായത്. മുസ്‌ലീം മതതീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ആര്യാടന്‍ 35 വര്‍ഷമായി നിലമ്പൂരിന്റെ എം.എല്‍.എയാണ്. ജയിക്കാന്‍ എന്‍.ഡി.എഫിന്റെയും പി.ഡി.പിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ടുവേണ്ടെന്നു പരസ്യമായി പ്രഖ്യാപിക്കാനും ആര്യാടന്‍ ധൈര്യം കാട്ടിയിരുന്നു.

Top