ആരോപണത്തില്‍ ആടിയുലഞ്ഞ് യുഡിഎഫ്; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും താളംതെറ്റുന്നു

തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ബാറുടമകള്‍ കോഴനല്‍കിയെന്ന ശബ്ദരേഖ പുറത്തുവന്നതോടെ യുഡിഎഫ് കൂടുതല്‍ കുരുക്കിലായി. വിവാദങ്ങള്‍ ഓരോന്നായി അവസാനിപ്പിക്കുന്നതിനിടെ പുതിയ ആരോപണങ്ങള്‍ മുന്നണിക്ക് കൂനിന്മേല്‍ കുരുവാകുകയാണ്.

മുന്നണിയില്‍ എല്ലാ ഘടകകക്ഷികളും ഇപ്പോള്‍ ആരോപണങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. മുന്നണിയിലെ സംഘര്‍ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഇപ്പോള്‍ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേര് വിവരം പുറത്തുവരാത്തതിനാല്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും സംശയത്തിന്റെ നിഴലിലായി. ആദ്യം കെ.എം മാണിക്കെതിരെ മാത്രമായിരുന്നു കോഴയാരോപണം. എന്നാല്‍ വിജിലന്‍സിനു മുമ്പില്‍ ബാറുടമകള്‍ മൊഴിമാറ്റിതുടങ്ങിയതോടെ അത്തരക്കാരുടെ വഞ്ചന തുറന്നുകാട്ടാന്‍ ബിജു രമേശിന് അവരുടെ സംഭാഷണം പുറത്തുവിടേണ്ടിവന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണമാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഇതിലാണ് നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പണം നല്‍കിയ വിവരം പുറത്തുവന്നത്. നേരത്തെ തന്നെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും തെളിവുസഹിതം പുറത്തുവരുന്നത് ഇതാദ്യമാണ്.

യുഡിഎഫ് നാള്‍ക്കുനാള്‍ വന്‍പ്രതിസന്ധിയിലാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഒട്ടേറെയാണ്. ടൈറ്റാനിയം, പാമോലിന്‍, സോളാര്‍, ഭൂമിതട്ടിപ്പ് തുടങ്ങിയവയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ലീഗ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മന്ത്രി അനൂപ് ജേക്കബും അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പാറ്റൂര്‍ ഫളാറ്റ് കുംഭകോണത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആരോപണമുണ്ട്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഗണേഷ്‌കുമാറിന് നേരത്തെ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഇപ്പോള്‍ മാണിക്കെതിരെയും ആരോപണമുയര്‍ന്നു. ഇതിനു പിന്നാലെയാണ് നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയെന്ന സംഭാഷണം പുറത്തുവന്നത്.

ആരോപണങ്ങളോട് കൂസലൊട്ടുമില്ലാതെയാണ് മുഖ്യമന്ത്രിയും മറ്റും പ്രതികരിക്കുന്നത്. ശത്രുക്കള്‍ക്ക് ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ബാര്‍ പ്രശ്‌നത്തില്‍ കെപിസിസി പ്രസിഡന്റിനെ വരെ അരിഞ്ഞുവീഴ്ത്താന്‍ ഉമ്മന്‍ചാണ്ടിക്കായി. എന്നാല്‍ ഇപ്പോഴത്തെ ആരോപണം പുറത്തേയ്‌ക്കെന്ത് പറഞ്ഞാലും യുഡിഎഫിനകത്ത് കാറ്റുംകോളുമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളാകട്ടെ പരിഹാസ്യത്തോടെയാണ് സര്‍ക്കാരിനെ കാണുന്നത്. അതിനാല്‍ ഈനിലയില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ തന്നെ സംശയമുണ്ട്.

Top