ആരോഗ്യപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന സംഭവം: ഉത്തരവാദിത്വം തീവ്രവാദി സംഘടന ഏറ്റെടുത്തു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പിലേര്‍പ്പെട്ടിരുന്ന നാല് ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചതിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജുന്‍ദുല്ല ഏറ്റെടുത്തു. പാകിസ്ഥാന്റെ പശ്ചിമ മേഖലയായ ക്വെറ്റയില്‍ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. മൂന്നു സ്ത്രീകളും െ്രെഡവറും തത്ക്ഷണം കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കനത്ത സുരക്ഷക്കിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിയോ പ്രതിരോധ കുത്തിവെപ്പ് നടന്നത്. പോളിയോ മരുന്ന് നല്‍കുന്നത് വന്ധ്യതക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദികള്‍ തടയുന്നത്. കൂടാതെ മരുന്ന് നല്‍കുന്നതിന്റെ പേരില്‍ ചാരവൃത്തി നടത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. ഈ മാസം ബലൂചിസ്ഥാനിലെ 11 ജില്ലകളില്‍ മരുന്ന് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ മേഖലയില്‍ മാത്രമായി അഞ്ചു വയസ്സിനു താഴെയുള്ള 2,38,000 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കേണ്ടിയിരുന്നത്. പാക്കിസ്ഥാനില്‍ ഈ വര്‍ഷം 265 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷത്തെ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top