ആമസോണിന്റെ ആദ്യത്തെ പുസ്തകക്കട സിയാറ്റിലില്‍ യൂണിവേഴ്‌സിറ്റിയില്‍ തുറന്നു

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമന്മാരായ ആമസോണ്‍ ഡോട്ട് കോം ആദ്യമായി ഒരു പുസ്തകക്കട തുറന്നു. അമേരിക്കയില്‍ സിയാറ്റിലില്‍ യൂണിവേഴ്‌സിറ്റി വില്ലേജിലാണ് പുസ്തക വില്‍പ്പന കേന്ദ്രം തുറന്നത്.

ഓണ്‍ലൈനില്‍ വില്‍ക്കുന്ന അതേ വിലയ്ക്ക് തന്നെയാകും ആമസോണിന്റെ കടയിലും പുസ്തകങ്ങളുടെ വില. ‘ആമസോണ്‍ ബുക്‌സ്’ ( Amazon Books ) എന്ന് പേരിട്ടിട്ടുള്ള കട, രാജ്യത്തെവിടെയുമുള്ള മറ്റ് ബുക്ക് സ്റ്റാളുകളെപ്പോലെ തന്നെയാണ്.

ഓണ്‍ലൈന്‍ വഴി വിലകുറച്ച് ആമസോണ്‍ പുസ്തകങ്ങള്‍ വില്‍ക്കാനാരംഭിച്ചത് ഒട്ടേറെ പുസ്തക വില്‍പ്പന കേന്ദ്രങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിച്ചിരുന്നു. യഥേഷ്ടം സേര്‍ച്ച് ചെയ്ത് തിരഞ്ഞെടുക്കാം, വിലക്കുറവ്, വീട്ടിലെത്തിക്കുമെന്ന സൗകര്യം ഇവ മൂലം ഉപയോക്താക്കളില്‍ നല്ലൊരു പങ്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളെയാണ് ആശ്രയിക്കുന്നത്.

പുസ്തകങ്ങളുടെ ഭൗതികരൂപം തന്നെ ഇല്ലാതാക്കുന്ന ഡിജിറ്റല്‍ പതിപ്പുകള്‍ക്ക് പ്രചാരം നല്‍കാന്‍ ‘കിന്‍ഡ്ല്‍’ എന്ന ഈറീഡര്‍ ഇറക്കിയതും ആമസോണ്‍ ആണ്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ആമസോണ്‍ ഒരു യഥാര്‍ഥ പുസ്തകക്കട ആരംഭിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കായല്ല കട പ്രവര്‍ത്തിക്കുകയെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top