ആപ്പിള്‍ സ്മാര്‍ട്‌വാച്ച് ഏപ്രില്‍ 24 മുതല്‍ വില്‍പ്പനയ്‌ക്കെത്തുന്നു

ആപ്പിള്‍ സ്മാര്‍ട്‌വാച്ച് അവതരിപ്പിച്ചു. ഐഫോണുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ അദ്ഭുത ഗാഡ്ജറ്റിന്റെ വിലയെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് ആപ്പിള്‍തന്നെ വാച്ചിന്റെ വിലയും വിപണിയിലെത്തുന്ന തിയതിയും പ്രഖ്യാപിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്കാണ് ആപ്പിള്‍ വാച്ചിന്റെ വിലയും മറ്റ് വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

349 ഡോളര്‍ (21,941 രൂപ) മുതല്‍ 17,000 ഡോളര്‍ (10,68,072 രൂപ) വരെ വിലയുള്ള 38 വ്യത്യസ്ത മോഡലുകളിലായാണ് ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നത്. ഏപ്രില്‍ 24 മുതല്‍ ആപ്പിള്‍ വാച്ചുകളുടെ വില്പന തുടങ്ങും. ഏപ്രില്‍ 10 മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്താം.

ആപ്പിള്‍ വാച്ച് മോഡലുകളിലൊന്ന്. ഈമെയില്‍ നോക്കാന്‍ മുതല്‍ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറക്കാന്‍ വരെ ആപ്പിള്‍ വാച്ചുപയോഗിക്കാന്‍ കഴിയുമെന്ന് ആപ്പിള്‍ പറയുന്നു. 18 മണിക്കൂര്‍ ആണ് ബാറ്ററി ലൈഫ്. മിനുട്ട് സൂചിയും സെക്കന്‍ഡ് സൂചിയുമൊക്കെയുള്ള സാധാരണവാച്ച് തന്നെയാണ് കാഴ്ചയില്‍ ആപ്പിള്‍ വാച്ച്. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും അടക്കമുള്ള ഒട്ടുമിക്ക മൊബൈല്‍ ആപ്ലിക്കേഷനുകളും വാച്ചിന്റെ ഡയലില്‍ പ്രവര്‍ത്തിപ്പിക്കാം. ഫോണ്‍കോളുകള്‍ സ്വീകരിക്കാനും എസ്.എം.എസുകള്‍ വായിക്കാനുമൊക്കെ വാച്ചിലേക്ക് നോക്കിയാല്‍ മതി.

പക്ഷേ, ഇതൊക്കെ നടക്കണമെങ്കില്‍ പോക്കറ്റില്‍ ഐഫോണ്‍ വേണം. ആന്‍ഡ്രോയ്ഡ് ഫോണും കൈയില്‍വെച്ച് ആപ്പിള്‍ വാച്ച് കെട്ടിയാല്‍ ഒന്നും നടക്കില്ലെന്നര്‍ഥം. തുടര്‍ച്ചയായ 18 മണിക്കൂര്‍ ഉപയോഗമാണ് വാച്ചിന് ആപ്പിള്‍ അവകാശപ്പെടുന്ന ബാറ്റററി ആയുസ്.

ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാകും ആപ്പിള്‍ വാച്ച് ആദ്യം വില്പനയ്‌ക്കെത്തുക. അതിനുശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും എത്തും.

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇരുപതുലക്ഷം ആപ്പിള്‍ വാച്ചുകളെങ്കിലും വിറ്റഴിയുമെന്നാണ് ടെക്ഗവേഷണ സ്ഥാപനങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിലവിലുള്ള ഐഫോണ്‍ ഉപയോക്താക്കളില്‍ ഏഴു ശതമാനം പേര്‍ വാച്ച് വാങ്ങിയാല്‍ തന്നെ ഇരുപതുലക്ഷം എന്ന വില്പനലക്ഷ്യം കൈവരിക്കാനാകുമെന്ന് ആപ്പിള്‍ കണക്കുകൂട്ടുന്നു.

Top