ആപ്പിള്‍ ഐഫോണിനെ നേരിടാന്‍ ഗൂഗിള്‍ സ്വന്തമായി ഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

ഗൂഗിള്‍ സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ പോകുന്നു. അടുത്തയിടെയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായി ആല്‍ഫബറ്റ് നിലവില്‍ വന്നത്. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.

നെക്‌സസ് എന്ന പേരില്‍ കുറേ വര്‍ഷങ്ങളായി ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകള്‍ വില്പനയ്‌ക്കെത്തിക്കുന്നുണ്ട്. പക്ഷേ, അവയെല്ലാം മറ്റു കമ്പനികള്‍ ഗൂഗിളിനായി നിര്‍മിച്ചുനല്‍കുന്നതാണ്. ഈ പരമ്പരയില്‍ ഏറ്റവുമൊടുവിലിറങ്ങിയ നെക്‌സസ് 5എക്‌സ് എല്‍ജിയും, നെക്‌സസ് 6പി വാവെയുമാണ് ഗൂഗിളിനായി നിര്‍മിച്ചത്. നെക്‌സസ് പരമ്പരയിലെ ടാബ്‌ലറ്റുകളുടെ കഥയും ഇങ്ങനെ തന്നെ.

ഇത്തരം കരാര്‍ ഏര്‍പ്പാടുകള്‍ നിര്‍ത്തി സ്വന്തമായി ഫോണ്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ഗൂഗിള്‍ ആലോചിച്ചുതുടങ്ങി എന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ലെങ്കിലും സംഗതി സത്യമാണെന്ന മട്ടിലാണ് ടെക്‌നോളജി വെബ്‌സൈറ്റുകളിലെ ചര്‍ച്ച നീങ്ങുന്നത്.

രണ്ടു കാര്യങ്ങളാണ് ഇത്തരമൊരു ആലോചനയ്ക്ക് ഗൂഗിളിനെ പ്രേരിപ്പിക്കുന്നതത്രേ. സ്വന്തമായി ഫോണ്‍ നിര്‍മിച്ചാല്‍ അതിന്റെ നിര്‍മാണഘട്ടങ്ങളില്‍ പൂര്‍ണമായി ഗൂഗിളിന് ഇടപെടാം. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്‌പെസിഫിക്കേഷനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, വിപണിയുടെ പ്രിയമറിഞ്ഞ് ഉല്പാദനം വേഗത്തിലാക്കാനുമൊക്കെ ഗൂഗിളിന് സ്വാതന്ത്ര്യം ലഭിക്കും.

രണ്ടാമത്തെ കാര്യം ഐഫോണ്‍ എന്ന എതിരാളിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനമാണ്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയ സ്ഥാനമുണ്ടെങ്കില്‍ പോലും ലാഭമുണ്ടാക്കുന്ന കാര്യത്തില്‍ ആപ്പിള്‍ ഐഫോണിനേക്കാള്‍ പുറകിലാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടേറെ പേരെ ഐഫോണിലേക്ക് കൊണ്ടുവരാന്‍ ആപ്പിളിന് സാധിക്കുന്നുമുണ്ട്. നൂറായിരം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറങ്ങുന്നുണ്ടെങ്കിലും ഐഫോണിന് പ്രതിയോഗിയാകാന്‍ അവയ്‌ക്കൊന്നും സാധിക്കില്ലെന്നത് ഏവരും സമ്മതിക്കുന്ന കാര്യം. ഗൂഗിള്‍ സ്വന്തമായിറക്കുന്ന ഒരു പ്രീമിയം ഫല്‍ഗ്ഷിപ്പ് മോഡല്‍, ഐഫോണിന് ഒത്ത എതിരാളിയാകുമെന്ന കാര്യം ഉറപ്പ്.

Top