ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ പുതിയ ഓഫീസ് ആപ്ലിക്കേഷന്‍ എത്തി

ആപ്പിള്‍ കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഓഫീസ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍; ഓഫീസ് 2016 പുറത്തിറക്കി. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ക്കായുള്ള ഓഫീസ് 2016 സോഫ്റ്റ് വെയര്‍പാക്ക് ഇന്ത്യയുള്‍പ്പടെ 139 രാജ്യങ്ങളില്‍ 16 ഭാഷകളില്‍ ലഭ്യമാണ്.

വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ്, വണ്‍നോട്ട്, ഔട്ട് ലുക്ക് എന്നിവയുടെ പരിഷ്‌കരിച്ച രൂപങ്ങളാണ് പുതിയ ഓഫീസ് ആപ്ലിക്കേഷനിലുള്ളത് .

മാക് അധിഷ്ഠിത കംപ്യൂട്ടറുകളിലെ റെറ്റിന ഡിസ്‌പ്ലേകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഫോണ്ടുകളും ഇന്റര്‍ഫേസുകളുമാണ് ഓഫീസ് 2016 ന്റെ പ്രധാന സവിശേഷത. മാക് കംപ്യൂട്ടറുകള്‍ക്ക് മാത്രമായുള്ള ഫുള്‍ സ്‌ക്രീന്‍ സപ്പോര്‍ട്ട്, മള്‍ട്ടി ജെസ്റ്റര്‍ സപ്പോര്‍ട്ട് എന്നിവ ഈ സോഫ്റ്റ് വെയറിന്റെ ഭാഗമാക്കിയിട്ടുണ്ട്.

മറ്റ് ഗാഡ്ജറ്റുകളിലും ഒ .എസ്. പ്ലാറ്റ്‌ഫോമുകളിലും ഓഫീസ് 2016 ല്‍ തയാറാകുന്ന ഫയലുകള്‍ പൊരുത്തപ്പെടുന്ന രീതിയിലാണ് മൈക്രോസോഫ്റ്റ് പുതിയ ഓഫീസ് വെര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

മാക് കംപ്യൂട്ടറുകളില്‍ നിലവില്‍ ഓഫീസ് 365 എന്ന സേവനം ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി ഉടന്‍ തന്നെ ഓഫീസ് 2016ലേക്ക് മാറാം. മറ്റു കംപ്യൂട്ടറുകളില്‍ സെപ്റ്റംബര്‍ മുതല്‍ പണം നല്‍കി ഓഫീസ് 2016 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

Top