ആന്‍ഡ്രോയ് ഫോണുകള്‍ക്ക് ഭീഷണിയായി ട്രോജനേസ്ഡ് ആഡ്വെയര്‍ വൈറസ്

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണിലെ സകലതും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഉഗ്രനൊരു വൈറസ് ഇന്ത്യയിലും എത്തിയിരിക്കുന്നു. ഈ വൈറസ് ഫോണില്‍ കയറിക്കൂടിക്കഴിഞ്ഞാല്‍ പിന്നെ അതുപേക്ഷിച്ച് പുതിയൊരു ഫോണ്‍ വാങ്ങുകയല്ലാതെ വേറെ വഴികളൊന്നുമില്ല. അതുകൊണ്ടുതന്നെ ലോകത്തിലെ ഭീകര ആന്‍ഡ്രോയ്ഡ് വൈറസുകളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ് ഇവയെന്ന് വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സൈബര്‍ സെക്യൂരിറ്റി കമ്പനിയായി ലുക്ക്ഔട്ട് ആണ് ഉപഭോക്താക്കള്‍ പോലുമറിയാതെ അവരുടെ ഫോണില്‍ കയറി തോന്ന്യാസം കാണിക്കുന്ന മൂന്നുതരം ട്രോജന്‍ വൈറസുകളെ കണ്ടെത്തിയത്. Shuanet, Kemoge(ShitfyBug), Shedun(GhostPush) എന്നീ പേരുകളിലുള്ള ഇവ തയാറാക്കിയിരിക്കുന്ന കോഡിലും സ്വഭാവത്തിലും സമാനസ്വഭാവമുള്ളവയാണ്.

നമ്മളറിയാതെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുന്ന ആഡ്‌വെയറുകളുടെ ഗണത്തില്‍പ്പെട്ടതാണിവ. വെബ്മാര്‍ക്കറ്റിങ് കമ്പനികളാണ് ഇത്തരം അനധികൃത നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. എന്നാല്‍ ഈ ആഡ്‌വെയറിനൊപ്പം മാരക ട്രോജന്‍ വൈറസിനെയും ചേര്‍ത്ത് പുറത്തിറക്കിയതാണ് പുതിയ മൂന്ന് വൈറസുകളും. അതുകൊണ്ടുതന്നെ ട്രോജനൈസ്ഡ് ആഡ്‌വെയര്‍ എന്നാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം തന്നെ.

ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്, കാന്‍ഡി ക്രഷ്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഗൂഗ്ള്‍ നൗ തുടങ്ങിയ പ്രശസ്ത ആപ്പുകളുടെ വ്യാജപതിപ്പുകളെ നിര്‍മിച്ചാണ് ഈ ആഡ്‌വെയറുകള്‍ പ്രചരിപ്പിക്കുന്നത്. അതായത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു മാത്രമേ നാം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുള്ളൂവെങ്കില്‍ ഇവ ഒരിക്കലും നമ്മുടെ ഫോണിലെത്തില്ല. മറിച്ച് ‘തേഡ് പാര്‍ട്ടി’ ആപ് സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡിങ് നടത്തിയാല്‍ ഈ ആഡ്‌വെയറുകള്‍ ആക്രമിക്കും.

പുതിയ വൈറസുകളുടെ സാന്നിധ്യവുമായി 20000 സാംപിളുകളാണ് ലുക്ക്ഔട്ട് കണ്ടെടുത്തത്. അവയിലേറെയും പ്ലേസ്റ്റോര്‍ സ്‌നേഹികളായ അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങളിലാണ്. മാത്രവുമല്ല ഏറ്റവും മാരകമായ രീതിയില്‍ ഈ വൈറസ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്കൊപ്പം ഇറാന്‍, റഷ്യ, ജമൈക്ക, സുഡാന്‍, ബ്രസീല്‍, മെക്‌സിക്കോ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളുമുണ്ട്. അതേസമയം ആമസോണിനെപ്പോലുള്ള ചില േസ്റ്റോറുകള്‍ വൈറസ് ഫ്രീയാണെന്നും അറിയിപ്പുണ്ട്.

Top