ആന്‍ഡ്രോയ്ഡ് ഫോണിലെ ലോക് പാറ്റേണ്‍ സുരക്ഷിതമല്ലെന്ന് പുതിയ പഠനം

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ലോക്ക് ചെയ്യാന്‍ പാറ്റേണ്‍ സംവിധാനം ഉപയോഗിക്കുന്നവരാണ് മിക്ക സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളും. പാറ്റേണ്‍ ലോക്ക് അത്രമേല്‍ സുരക്ഷിതമാണെന്നാണ് ധാരണ. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ലോക്ക് ചെയ്യാന്‍ പാറ്റേണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

പാറ്റേണ്‍ ലോക്കുകള്‍ അത്ര ദുര്‍ബലമല്ല. പക്ഷേ, ഉപയോഗിക്കുന്ന പാറ്റേണ്‍ വളരെ വേഗം മറ്റൊരാള്‍ക്ക് ഊഹിച്ചെടുക്കാമെന്നും അതുവഴി ഫോണ്‍ അണ്‍ലോക്ക് ചെയ്ത് നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്താം എന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

നാലു മുതല്‍ ഒമ്പത് വരെ നോഡുകളാണ് പ്രധാനമായും പാറ്റേണ്‍ ലോക്കില്‍ ഉപയോഗിക്കുന്നത്. നാലു ലക്ഷത്തിനടുത്ത് പാറ്റേണ്‍ കോംപിനേഷനുകള്‍ ഉപയോഗിക്കാമെന്നിരിക്കെ മിക്ക ഉപഭോക്താക്കളും ഉപയോഗിക്കുന്നത് ഒരേരീതിയിലുള്ള പാറ്റേണ്‍ ലോക്കുകളാണ്. നാലായിരത്തോളം വരുന്ന പാറ്റേണ്‍ സാംപിളുകളാണ് പഠനം നടത്തിയ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇതില്‍ 44 ശതമാനവും ഉപയോഗിക്കുന്നത് ഒരേതരത്തിലുള്ള പാറ്റേണ്‍ ആണെന്ന് സംഘം കണ്ടെത്തി. അതായത് മിക്കവരും പാറ്റേണ്‍ തുടങ്ങുന്നത് സ്‌ക്രീനിന്റെ മുകളില്‍ ഇടതുഭാഗത്ത് നിന്നാണ്. 10 ശതമാനം പേര്‍ ഒരേയൊരു അക്ഷരം മാത്രം പാറ്റേണ്‍ ആക്കാന്‍ ഇഷ്ടപ്പെടുന്നു. ചിലര്‍ N ആയിരിക്കും, മറ്റുചിലര്‍ M ഇനിയും ചിലര്‍ O എന്നീ അക്ഷരങ്ങളാണ് ലോക്ക് പാറ്റേണ്‍ ആയി ഉപയോഗിക്കുന്നത്.

ഭൂരിഭാഗം ആളുകളും പാറ്റേണ്‍ തുടങ്ങുന്നത് ഒന്നുകില്‍ ഇടത്തുനിന്ന് വലത്തോട്ടോ, അല്ലെങ്കില്‍ മുകളില്‍ നിന്ന് താഴേക്കോ ആണ്. കൂടുതല്‍ പേരും ആകെ നാല് നോഡുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അധികം ആളുകളും പാറ്റേണ്‍ മാറ്റുന്നുണ്ടെങ്കിലും പാറ്റേണ്‍ വരയ്ക്കുന്നതിന്റെ ദിശ മാറ്റാന്‍ ഒരുക്കമാകുന്നില്ലെന്ന് പഠനം കണ്ടെത്തി.

എന്നാല്‍, പാറ്റേണ്‍ വരയ്ക്കുന്നതിന്റെ ദിശ മാറ്റുന്നത് പാറ്റേണ്‍ കൂടുതല്‍ ശക്തമാക്കാന്‍ ഉപകരിക്കും എന്നാണ് പറയപ്പെടുന്നത്. നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിലെ മാര്‍ട്ല്‍ ലോഗ് ആണ് പഠനം നടത്തിയത്.

Top