ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണ്: വി.എസ്‌

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു.

പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചത് എന്നതുകൊണ്ട് അദ്ദേഹത്തെ പോലെ പരാമര്‍ശം നടത്താന്‍ തനിക്ക് കഴിയില്ലെന്ന് വി.എസിനെതിരായി ആന്റണി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, ആന്റണിക്ക് മറുപടിയുമായി വി.എസ് രംഗത്ത് വന്നു. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണ്. ഗാന്ധിജി പിരിച്ചുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്‌കൂളിലാണ് ആന്റണി പഠിച്ചത്. താന്‍ പഠിച്ചതാവട്ടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും, പുന്നപ്ര വയലാറിന്റെയുമൊക്കെ സ്‌കൂളിലാണ്.

കഴിഞ്ഞ 75 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നതും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ്. അങ്ങനെയുള്ള താന്‍ പഠിച്ച സ്‌കൂളില്‍ ഒരുകാലത്തും ആന്റണിക്ക് പഠിക്കാനാവില്ല. താന്‍ പഠിച്ച വിഷയങ്ങളും ആന്റണിക്ക് തികച്ചും അപ്രാപ്യമാണ്.

അതുകൊണ്ടാണ് താന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമോ മറുപടിയോ നല്‍കാതെ എന്തോ ഒക്കെ പുലമ്പിക്കൊണ്ടിരിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

2004 മുതല്‍ 2014 വരെ യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് മന്‍മോഹന്‍സിംഗ് അടക്കമുള്ളവര്‍ നടത്തിയ ഭീകരമായ അഴിമതിക്ക് മുന്നിലും ആന്റണി തന്നെ ഭരിച്ച പ്രതിരോധവകുപ്പിലെ അഴിമതിക്ക് മുന്നിലും മിണ്ടാതെയിരുന്ന ആളാണ് അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ അഴിമതികള്‍ക്കും നെറികേടുകള്‍ക്കും, സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചൂട്ടുപിടിച്ചു കൊണ്ടിരിക്കുകയുമാണ് ആന്റണിയെന്നും വി.എസ് ആരോപിച്ചു.

Top