ആന്ധ്ര ഇന്റലിജന്‍സ് ഇറ്റാലിയന്‍ ഹാക്കിങ് ഗ്രൂപ്പുമായി കൈകോര്‍ത്തു: വിക്കിലീക്‌സ്

ന്യൂഡല്‍ഹി: തെലങ്കാന വിഭജനത്തിന് മുമ്പും ആന്ധ്ര പൊലീസ് ഇന്റലിജന്‍സ് ഇറ്റാലിയന്‍ സൈബര്‍ നിരീക്ഷണ ഹാക്കിങ് ഗ്രൂപ്പുമായി വിലപേശല്‍ നടത്തിയിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

വോട്ടിന് നോട്ട് വിവാദവുമായി ഇരുസംസ്ഥാനങ്ങളും പരസ്പരം സംശയത്തിന്റെ നിഴലില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഫോണ്‍കോളുകള്‍ തെലങ്കാന മുഖ്യമന്ത്രി ആര്‍. ചന്ദ്രശേഖര്‍ റാവു ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ആന്ധ്രസര്‍ക്കാര്‍ ഇറ്റാലിയന്‍ ഹാക്കിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍, ഇരുസംസ്ഥാനങ്ങളും ഒരുമിച്ചുനില്‍ക്കുന്ന കാലത്താണ് ഹാക്കിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുതെന്നാണ് ആന്ധ്രസര്‍ക്കാറിന്റെ വാദം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ സംസ്ഥാന പോലീസ് സേനക്ക് വിദേശ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ പാടുള്ളൂ. അതും ഐ.ബിയുടെയും റോയുടെയും നിരീക്ഷണത്തിലുമായിരിക്കും. എന്നാല്‍ അന്ധ്ര പോലീസിന്റെ നടപടി ഐ.ബിയെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

Top