ആനവേട്ടക്കേസ് : അതിക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.യു കുരുവിള

കൊച്ചി: ആനവേട്ടക്കേസ് പ്രതികളോടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും വനംമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ടി.യു.കുരുവിള എംഎല്‍എ.

തന്റെ മണ്ഡലമായ കോതമംഗലത്തില്‍പെട്ട കുട്ടമ്പുഴ പ്രദേശത്തെ ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭീഷണിയിലാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും ഇരുവര്‍ക്കും നല്‍കിയ കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

തന്റെ സഹോദരി അടക്കം ബന്ധുക്കളെ അറസ്റ്റുചെയ്തതില്‍ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് ആനവേട്ടക്കേസിലെ പ്രധാനപ്രതി ഐക്കരമറ്റം വാസുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്. കുട്ടന്പുഴയിലെ എഴുപതുകാരന്‍ കൊല്ലപ്പണിക്കാരന്‍ വിഷം കഴിച്ച് മരിക്കാന്‍ ശ്രമിച്ചതും വനം ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം ഭയന്നാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിട്ടുണ്ട്.

ഈ ഭീഷണികളും ആശങ്കകളും അസ്ഥാനത്തല്ലെന്നാണ് കേസില്‍ ഇതുവരെ അറസ്റ്റിലായ പലരുടെയും പരുക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മൂന്നാംമുറക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിവേണമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മുന്‍ മന്ത്രി ആവശ്യപ്പെടുന്നത്.

വാരിയെല്ല് പൊട്ടിയത് അടക്കം ഗുരുതരപരുക്കുകളുമായാണ് പ്രതികളെ പലരെയും ആശൂപത്രികളില്‍ എത്തിച്ചത്. എന്നാല്‍ ഇവരിലാര്‍ക്കും കൃത്യമായ ചികില്‍സ നല്‍കാനും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മൂവാറ്റുപുഴ ജയിലില്‍ കഴിയുന്ന പ്രതികളില്‍ കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെന്നും ചികില്‍സ നല്‍കാന്‍ അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയോടും വനംമന്ത്രിയോടും ആവശ്യപ്പെട്ടു.

വനം ആസ്ഥാനത്തെ വനിതാ ഡി.എഫ്.ഒയുടെയും സംഘത്തിന്റെയും പീഡനത്തില്‍ പരുക്കേറ്റുവെന്നാണ് പ്രതികളില്‍ ഏറെപ്പേരും കോടതിയിലും ജയിലിലും മൊഴി നല്‍കിയിട്ടുള്ളത്.

Top