ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാര്‍ ഡിസി അവാന്തി സെപ്തംബര്‍ 23 ന് എത്തും

ഇന്ത്യയുടെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാറായ ഡിസി അവാന്തി സെപ്തംബര്‍ 23ന് ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പ്. ലോകവിഖ്യാതമായ ഇന്ത്യന്‍ ഡിസൈന്‍ സ്റ്റൂഡിയോ, ഡിസി ഡിസൈനാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിസി ഡിസൈന്‍ സ്ഥാപകന്‍ ദിലീപ് ഛബ്രിയയാണ് ഈ കാറിന്റെ ഡിസൈന്‍ അടക്കമുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. മുംബൈയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ് നടക്കുക.

റിനോയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന എന്‍ജിനാണ് അവാന്തിയില്‍ ഉപയോഗിക്കുക. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിത്. നേരത്തെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി റിനോയിലേക്ക് മാറുകയായിരുന്നു.

ഭാവിയില്‍ ഫോര്‍മുല വണ്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഒരെന്‍ജിന്‍ പ്രതീക്ഷിക്കാവുന്നതാണ്. 2.0 ലിറ്ററിന്റെ റിനോ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 5500 ആര്‍പിഎമ്മില്‍ 250 കുതിരശക്തിയാണ്. 27505000 ആര്‍പിഎമ്മില്‍ 340 എന്‍എം ചക്രവീര്യം. എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ടര്‍ബോ ചേര്‍ത്താണ് ഇത്രയും പ്രകടനശേഷി കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 35 ലക്ഷത്തിന്റെ അടുത്താണ് ഡിസി അവാന്തിയുടെ വില.

Top