ആദ്യം മാലിന്യം വിതറി പിന്നെ വാരി;ബിജെപി നാടകം പൊളിഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരതം പരിപാടിക്ക് പിന്തുണയായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കള്‍ ശുചീകരണം നടത്തിയത് വൃത്തിയുള്ള റോഡില്‍ മാലിന്യം വാഹനത്തിലെത്തിച്ച് തള്ളിയശേഷം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇസ്‌ലാമിക് സെന്ററിനു മുന്നില്‍ അരങ്ങേറിയ സ്വച്ഛ് ഭാരത് ശുചീകരണ നാടകം പൊളിച്ചത് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ ഗ്രാഫര്‍ പ്രേംനാഥ് പാണ്ഡെയാണ്.

അതിരാവിലെ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ മുന്‍ഭാഗം ഒരു കടലാസുകഷ്ണം പോലുമില്ലാത്ത തരത്തില്‍ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കിയി’ട്ടതായിരുന്നു. തുടര്‍ന്നാണ് ശുചീകരണ നാടകം അരങ്ങേറിയത്. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ മറ്റിടങ്ങളില്‍ നിന്നുള്ള ചപ്പുചവറുകള്‍ ഇവിടെ ഉന്തുവണ്ടിയില്‍ കൊണ്ടുവന്ന് തള്ളി. തുടര്‍ന്ന് ചപ്പുചവറുകള്‍ ചൂലുകൊണ്ട് പ്രദേശത്താകെ പരത്തി.

പിന്നീടാണ് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ സതീഷ് ഉപാധ്യായും മുന്‍ ആപ് നേതാവും ബി.ജെ.പി സഹയാത്രികയുമായ ശാസിയ ഇല്‍മിയും ശുചീകരണത്തിനെത്തിയത്. കാമറകള്‍ക്കു മുന്നില്‍ മാലിന്യം അടിച്ചുവാരി ഫോട്ടോക്ക് പോസ് ചെയ്ത ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. ഡല്‍ഹിയില്‍ നിരവധി ചേരികള്‍ മാലിന്യമയമായി കിടക്കുമ്പോഴാണ് വൃത്തിയുള്ള റോഡുവക്കില്‍ മാലിന്യം തള്ളി അതു അടിച്ചുവാരി ബി.ജെ.പി നേതാക്കള്‍ ശുചീകരണ നാടകം നടത്തിയത്.

Top