ആദായ നികുതി സര്‍ക്കാരിന് ലഭിച്ചത് 6.96 ലക്ഷം കോടി രൂപയുടെ വരുമാനം

ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 6.96 ലക്ഷം കോടി രൂപയുടെ വരുമാനം. എന്നാല്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ 14 ശതമാനം കുറവാണ് നികുതിയിനത്തില്‍ ലഭിച്ചത്. 9,000 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയതായി ആദായ നികുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 19 ശതമാനം അധികം തുക പിരിച്ചെടുക്കാന്‍ വകുപ്പിന് സാധിച്ചു. 5.83 ലക്ഷം കോടി രൂപയായിരുന്നു 2013-14 കാലയളവില്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചത്.

സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് നികുതി ലഭിക്കുന്നതില്‍ കുറവ് വരാന്‍ കാരണം. ഇതുമൂലം ഇളവിനു ശേഷമുള്ള നികുതിയിലും കാര്യമായ വര്‍ധന രേഖപ്പെടുത്താനായില്ല. ഉല്‍പ്പാദനം, സേവനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ മാന്ദ്യം തിരിച്ചടിയായെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പറഞ്ഞു.

സമ്പദ് മേഖല മാന്ദ്യത്തില്‍ തുടരുന്നതിനാല്‍ പിരിച്ചെടുക്കേണ്ട നികുതി 7.36 ലക്ഷം കോടിയില്‍ നിന്ന് 7.05 ലക്ഷം കോടിയായി സര്‍ക്കാര്‍ കുറച്ചിരുന്നു.

Top