കെ.എം മാണിക്ക് മുന്നില്‍ ആദര്‍ശം വഴിമാറ്റി സുധീരന്‍; കാവല്‍ഭടന്‍ ചമഞ്ഞ് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാഷ്ട്രീയ ധാര്‍മ്മികത കാറ്റില്‍പ്പറത്തി ബാര്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന ധനമന്ത്രി കെ.എം മാണിയുടെ അഹന്തക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംരക്ഷണം.

മാണിക്കെതിരെ പ്രതികരിച്ച കെപിസിസി വക്താക്കളായ പന്തളം സുധാകരനും അജയ് തറയിലിനുമെതിരെ നടപടിയാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ രക്ഷക്കെത്തിയത്. മൗനത്തില്‍ ഒളിച്ച അഴിമതിക്കെതിരെ ആദര്‍ശത്തിന്റെ ആള്‍രൂപമായി വാഴ്ത്തുന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരനാകട്ടെ നിസഹായാവസ്ഥയിലുമാണ്.

ബാര്‍ കോഴയില്‍ പ്രതിചേര്‍ക്കപ്പെട്ട മാണിയെ ബജറ്റ് അവതരിപ്പിക്കരുതെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന ഭീഷണിയാണ് മാണി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ ഉണ്ടെങ്കില്‍ താന്‍തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് മാണി പ്രഖ്യാപിച്ചത്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഒമ്പത് എംഎല്‍എ മാര്‍ പിന്‍വലിച്ചാല്‍ യുഡിഎഫ് സര്‍ക്കാര്‍ രാജിവെക്കേണ്ടി വരും. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ സംരക്ഷകനായി രംഗത്തെത്തിയത്.

കോണ്‍ഗ്രസില്‍ മുഖം നോക്കാതെ വിമര്‍ശനം അഴിച്ചുവിട്ട പാരമ്പര്യമുള്ള ആദര്‍ശധീരന്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ പലപ്പോഴും നിലപാടില്ലാതെ മൗനത്തിലൊളിക്കുകയായിരുന്നു. ബാറുകള്‍ തുറക്കുന്നതിനെതിരെ കര്‍ക്കശ നിലപാടെടുത്ത സുധീരന് ഒടുവില്‍ എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പും ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദവും കാരണം നിലപാടില്‍ നിന്നും പിന്നോക്കം പോകേണ്ടി വന്നു. ബാര്‍ പ്രശ്‌നത്തില്‍ കീഴടങ്ങിയ സുധീരന്‍ ബാര്‍ കോഴയിലും നിലപാടില്ലാതെ മൗനം പാലിക്കുകയായിരുന്നു.

കെ. കരുണാകരന്റെ പ്രതാപകാലത്ത് അദ്ദേഹത്തിനെതിരെ ആദര്‍ശം ഉയര്‍ത്തി കുരിശുയുദ്ധം നടത്തിയയാളാണ് സുധീരന്‍. സ്പീക്കറായിരിക്കെ പലപ്പോഴും സഭയില്‍ നിഷ്പക്ഷനായി കരുണാകരനെ വിഷമിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ മുഖം നോക്കാതെ അഭിപ്രായം പറഞ്ഞും സുധീരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇന്ന് സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവിന്റെ അഴിമതിക്കെതിരെ മിണ്ടാനാവാത്ത നിസ്സഹായാവസ്ഥയിലാണ് സുധീരന്‍. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരും സഭയില്‍ മാണിയുടെ രക്ഷക്കെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

ബജറ്റ് വേളയില്‍ മാണിയെ രക്ഷിക്കാനിറങ്ങി വിവാദത്തില്‍പെട്ടത് കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. കേരള കോണ്‍ഗ്രസുകാരേക്കാള്‍ ആവേശത്തോടെ മാണിക്കായി രംഗത്തെത്തിയത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായ എം.എല്‍.എമാരാണെന്നതും ശ്രദ്ധേയമാണ്.

Top