എസ്ഡിപിഐ,വെല്‍ഫെയര്‍ പാര്‍ട്ടികളുമായി സിപിഎമ്മിനും കോണ്‍ഗ്രസിനും ധാരണ !

മലപ്പുറം: ആദര്‍ശം ഇരുമ്പുലക്കയല്ലെന്നു തെളിയിക്കുകയാണ് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. മുസ്ലീം ലീഗില്‍ വര്‍ഗീയത ചികയുന്ന സി.പി.എം ഇവിടെ ലീഗുമായും ലീഗിനേക്കാള്‍ തീവ്രമായ എസ്.ഡി.പി.ഐയുമായിപ്പോലും സഖ്യത്തിലാണ്.

കോണ്‍ഗ്രസാവട്ടെ രാഷ്ട്രീയ വൈരം മറന്നു സി.പി.എമ്മുമായും എസ്.ഡി.പി.ഐയുമായും കൈകോര്‍ത്ത് മത്സരിക്കുന്നു. ലീഗിന് ചിലയിടങ്ങില്‍ സി.പി.എമ്മാണ് സഖ്യകക്ഷി.

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന പാര്‍ട്ടി നിലപാടു തള്ളി പരപ്പനങ്ങാടി നഗര സഭയില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് സി.പി.എമ്മിന് സഖ്യം.

ലീഗിനെ ഒരു കാരണവശാലും ഇടതുമുന്നണിയില്‍ എടുക്കാന്‍ പാടില്ലെന്ന കടുംപിടുത്തമുള്ള സി.പി.ഐ ആനക്കയം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സി.പി.ഐ സ്വതന്ത്രനെ പിന്തുണക്കുന്നത് ലീഗാണ്. കോണ്‍ഗ്രസും ലീഗും സി.പി.എമ്മും സി.പി.ഐയും ചേരിതിരിഞ്ഞു മത്സരിക്കുന്ന ആനക്കയത്ത് വലത് കമ്യൂണിസ്റ്റുകാരാണ് ലീഗിന് കൂട്ട്.

ജില്ല മുഴുവന്‍ യു.ഡി.എഫ് ഐക്യത്തിനായി ഓടിനടക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞിയുടെ നാടായ പോരൂര്‍ പഞ്ചായത്തില്‍ ലീഗും സി.പി.എമ്മും സഖ്യമായാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് തനിച്ച് കരുത്തുകാട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്. പോരൂരിലെ പത്താം വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നത് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയാണ്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫ് സഖ്യകക്ഷിയായ എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റയുടെ നാടായ പുല്‍പ്പറ്റ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത്. മമ്പാട്, പാണ്ടാക്കാട് പഞ്ചായത്തുകളിലും ഇടതുബന്ധം കൈവിട്ടിട്ടില്ല.

യു.ഡി.എഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന് ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാണ് ഇടതുപക്ഷം പിന്തുണ നല്‍കിയിരിക്കുന്നത്. ഇവിടെ ലീഗിനെതിരെ പൊരുതുന്ന കേരള കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ട്.

കുറുവ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ ലീഗിനെതിരെ സി.പി.എമ്മും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ചേര്‍ന്നാണ് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. പെരുമണ്ണ ക്ലാരിയില്‍ കോണ്‍ഗ്രസും എസ്.ഡി.പി.ഐയുമാണ് ഒറ്റക്കെട്ട്.

മഞ്ചേരിയിലെ നഗരസഭയില്‍ ഒരു വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ നേതാവിന്റെ ഭാര്യയെയാണ് സിപിഎം പിന്‍തുണക്കുന്നത്.
unnamed
മലപ്പുറം ജില്ലക്ക് പുറമെ മറ്റ് ജില്ലകളിലും ഇതിന് സമാനമായ വിചിത്ര സഖ്യങ്ങളാണുള്ളത്.

പരിയാരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാദിറ ബീവിയെയാണ് എസ്ഡിപിഐ പിന്‍തുണക്കുന്നത്.

unnamed

വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മതേതര പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും തീവ്ര നിലപാടുള്ള കക്ഷികളുടെ പുറകെ വോട്ടിന് വേണ്ടി പോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Top