ആത്മാഭിമാനം പണയം വച്ച് ഇന്ത്യയുമായി സൗഹൃദത്തിനില്ല: പര്‍വേസ് മുഷറഫ്

കറാച്ചി: ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫ്.

‘എനിക്ക് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കണമെന്ന് ആഗ്രഹമില്ലെന്നാണ് ജനങ്ങളുടെ വിചാരം. എന്നാല്‍ അങ്ങനെയല്ല. എന്റെ ഭരണകാലത്ത് ഇന്ത്യയുമായി നല്ല സൗഹൃദത്തിലായിരുന്നു’. മുഷറഫ് പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടായാല്‍ മാത്രമേ സൗഹൃദം സ്ഥാപിക്കാന്‍ കഴിയൂ. ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനിക്കുകയും വേണം. മുഷറഫ് വ്യക്തമാക്കി. സാമ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പര്‍വേസ് മുഷറഫ് നിലപാട് വ്യക്തമാക്കിയത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരന്‍ താനായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ മുഷറഫ് വാചാലനായി. ‘ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതു കൊണ്ടാണ് ആക്രമണം നടത്തിയത്. ബംഗ്ലാദേശില്‍ ഇന്ത്യ സമാനമായ ഓപ്പറേഷന്‍ നടത്തിയതിനാലാണ് ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിച്ചത്’. മുഷറഫ് വ്യക്തമാക്കി.

നരേന്ദ്ര മോഡിയുടെ ഗവണ്‍മെന്റുമായി സൗഹൃദത്തിന് സാധ്യതയുണ്ട്. പക്ഷേ, ഇന്ത്യ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കിലും പാക്കിസ്ഥാന്‍ സൈന്യത്തെ വധിക്കുകയാണെങ്കിലും സൗഹൃദം സ്ഥാപിക്കാന്‍ ബുദ്ധിമുട്ടാണെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു.

ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കിയിട്ട് സൗഹൃദം സ്ഥാപിക്കണമെന്ന് ആഗ്രഹമില്ല. ഇന്ത്യ പ്രകോപനം തുടരുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നും മുഷറഫ് വ്യക്തമാക്കി.

Top