ആത്മഹത്യ ചെയ്യാന്‍ പൈലറ്റുമാര്‍ കവര്‍ന്നത് 421 ജീവനുകള്‍

മുംബൈ: മൂന്നു ദശകം, ലോകം കണ്ണീരോടെ സാക്ഷ്യം വഹിച്ചത് നിരവധി വിമാന ദുരന്തങ്ങള്‍ക്ക്. ഇവയില്‍ പലതും സാങ്കേതിക തകരാര്‍, മോശം കാലാവസ്ഥ, കൈപ്പിഴവ് എന്നിവയില്‍ ഒന്നുകൊണ്ടു സംഭവിച്ചതല്ല. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ പൈലറ്റുമാര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പൊലീഞ്ഞ ജീവനുകളാണ്. 1982 നും ശേഷം ഇത്തരത്തില്‍ അകാലത്തില്‍ വിടപറഞ്ഞത് 421 പേര്‍ എന്നാണ് ഔദ്യോഗിക കണക്ക്. നൂറ്റമ്പതു യാത്രക്കാരുമായി കഴിഞ്ഞ ദിവസം ആല്‍പ്‌സ് പര്‍വത നിരയിലേക്ക് ഇടിച്ചിറക്കിയ ജര്‍മന്‍ വിമാനത്തിനും സംഭവിച്ചത് മറ്റൊന്നല്ല. അപകടമുണ്ടാകുമ്പോള്‍ വിമാനം നിയന്ത്രിച്ചിരുന്ന കോ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്‌സും വിഷാദരോഗിയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുകയാണെങ്കില്‍ ഈ ഗണത്തിലേക്ക് 150 പേരുകള്‍ കൂടി എഴുതിച്ചേര്‍ക്കപ്പെടും.

അമെരിക്കന്‍ വിമാനഗതാഗത വിഭാഗം കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട കണക്കിലാണ് 421 പേരുടെ ജീവിതം എഴുതിച്ചേര്‍ക്കപ്പെട്ടത്. 2003 നും 2012 നും ഇടയില്‍ മാത്രം ഇത്തരം എട്ട് സംഭവങ്ങള്‍ ഉണ്ടായി. ഇതില്‍ ഏഴു കേസുകളില്‍ പൈലറ്റുമാര്‍ മാത്രമായിരുന്നു അപകടത്തിന്റെ ഉത്തരവാദികള്‍. എട്ടില്‍ നാലു പൈലറ്റുമാര്‍ മദ്യലഹരിയിലായിരുന്നെന്നും ഇതില്‍ രണ്ടണ്ണത്തില്‍ പൈലറ്റുമാര്‍ വിഷാദത്തില്‍ ആയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ജര്‍മന്‍വിങ്‌സ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കോക്പിറ്റില്‍ നിന്നു പുറത്തുപോയ പൈലറ്റ് തിരികെ എത്തിയപ്പോള്‍ കോ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്‌സ് വാതില്‍ തുറക്കാന്‍ തയാറായില്ല. പൈലറ്റ് ഇയാളെക്കൊണ്ട് വാതില്‍ തുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴേക്കും വിമാനം താഴ്വരയിലേക്കു കൂപ്പു കുത്തിയിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജര്‍മന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ ലുബിറ്റ്‌സ് കൗണ്‍സിലിങ്ങിന് വിധേയനായിരുന്നതായും വിവരമുണ്ട്. വിഷാദരോഗത്തിന് അടിമപ്പെട്ട് 2008ല്‍ പരിശീലനകാലത്ത് പത്തുമാസത്തോളം ഇയാള്‍ വിട്ടു നിന്നിരുന്നു. പ്രണയബന്ധത്തിന്റെ തകര്‍ച്ചയാണ് ഇയാളെ വിഷാദരോഗിയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top