നേട്ടംകൊയ്യാന്‍ ഇടതുമുന്നണി, പൊരുതാന്‍ ബിജെപി, ആശങ്കയോടെ… യുഡിഎഫ്‌

തിരുവനന്തപുരം: ആദ്യ റൗണ്ടില്‍ പതറിയ ഇടതുപക്ഷം തിരിച്ചടി തുടങ്ങിയതോടെ പ്രവചനാതീതമായി തിരഞ്ഞെടുപ്പു രംഗം.

എസ്എന്‍ഡിപി യോഗവുമായുള്ള കൂട്ടുകെട്ടിലൂടെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ടുപോകുന്ന ബിജെപിക്ക് ബീഫ് വിവാദത്തില്‍ പശു ഇറച്ചി താന്‍ കഴിക്കാറുണ്ടെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

പശു ഗോമാതാവാണെന്ന് ചൂണ്ടിക്കാട്ടി പശുവിനെ കൊല്ലുന്നതിനെ എതിര്‍ക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ നടപടി ഹിന്ദുമത വിശ്വാസികളുടെ പ്രത്യേകിച്ച് സ്ത്രീജന വിഭാഗങ്ങളുടെ പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, താന്‍ പശു ഇറച്ചി കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമോ എന്നതാണ് നേതൃത്വത്തിന്റെ ആശങ്ക.

വെള്ളാപ്പള്ളിയുടെ ഈ പ്രതികരണത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളിലും വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേട് നിലനില്‍ക്കെ പശു വിവാദമുണ്ടായത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

വെള്ളാപ്പള്ളിയെ പിന്‍തുണക്കണമെന്ന കര്‍ശനമായ കേന്ദ്ര നിര്‍ദ്ദേശമുള്ളതിനാല്‍ തങ്ങളുടെ പ്രതിഷേധം ഉള്ളിലൊതുക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ സംഘപരിവാര്‍ നേതൃത്വം.

ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഉണ്ടാക്കാന്‍ പറ്റുമായിരുന്ന നേട്ടം പുതിയ സാഹചര്യത്തില്‍ നഷ്ടമാവരുത് എന്നതുമാത്രമാണ് അവരുടെ ഇപ്പോഴത്തെ ആത്മഗതം.

യുഡിഎഫ് ആകട്ടെ തുടക്കത്തിലുണ്ടായ അമിത വിജയപ്രതീക്ഷ കൈവിട്ട അവസ്ഥയിലാണിപ്പോള്‍. കഴിഞ്ഞ തവണ നേടിയ വിജയത്തേക്കാള്‍ മികച്ച നേട്ടമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

സിപിഎമ്മിന്റെ പിന്നോക്ക വോട്ടുകളില്‍ നല്ലൊരു പങ്ക് എസ്എന്‍ഡിപി യോഗസഹകരണത്തിന്റെ ഭാഗമായി ബിജെപി ചോര്‍ത്തുമെന്നും ഇതിനിടയില്‍ ന്യൂനപക്ഷവോട്ടിന്റെ പിന്‍ബലത്തില്‍ വന്‍ നേട്ടം കൊയ്യാമെന്നുമായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍, അപകടം മനസ്സിലാക്കി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തി സിപിഎം വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ചതോടെയാണ് കാര്യങ്ങള്‍ പ്രവചനാതീതമായത്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം, എസ്എന്‍ ട്രസ്റ്റിലെ അഴിമതി, മൈക്രോഫിനാന്‍സ് ഇടപാട് തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി വെള്ളാപ്പള്ളി നടേശനെയും എസ്എന്‍ഡിപി യോഗനേതൃത്വത്തെയും കടന്നാക്രമിച്ച വി.എസ് അച്യുതാനന്ദനാണ് തിരഞ്ഞെടുപ്പ് പ്രചരണ ‘അജണ്ട’ മാറ്റിമറിച്ചത്.

ബിജെപി -എസ്എന്‍ഡിപി യോഗ കൂട്ടുകെട്ടിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വത്തെയാണ് വി.എസും പിണറായിയും പ്രതിക്കൂട്ടിലാക്കിയത്.

ന്യൂനപക്ഷ വോട്ടുബാങ്ക് ഉറപ്പിച്ച യുഡിഎഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു സിപിഎമ്മിന്റെ ഈ ആരോപണം.

വെള്ളാപ്പള്ളിയോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനമാണ് സിപിഎം ഇക്കാര്യത്തില്‍ ആയുധമാക്കിയത്.

ആര്‍എസ്എസിനെയും ബിജെപിയെയും ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്ന് ന്യൂനപക്ഷ വിഭാഗത്തെ ബോധ്യപ്പെടുത്താന്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വഴിവെച്ചതായാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതിരുകടന്ന ആത്മവിശ്വാസത്തില്‍ എസ്എന്‍ഡിപി യോഗ – ബിജെപി കൂട്ടുകെട്ടിനോട് മൃദുസമീപനം പുലര്‍ത്തിയ മുഖ്യമന്ത്രിയുടെ നടപടി യുഡിഎഫിനെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

തങ്ങളുടെ പിന്നോക്ക വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്താനും ന്യൂനപക്ഷ പിന്‍തുണ ആര്‍ജ്ജിക്കാനും സാധിച്ചാല്‍ അത് സിപിഎമ്മിനും മറിച്ചായാല്‍ യുഡിഎഫിനും ബിജെപിക്കും ഒരേസമയം നേട്ടമുണ്ടാക്കാവുന്ന സാഹചര്യമാണിപ്പോഴുള്ളത്.

Top