ആക്ഷന്‍ ത്രില്ലറുമായി ബോളിവുഡില്‍ ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന്‍ അടുത്തതായി ഒരു ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കുന്നു. ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പേരു കേട്ട ബോളിവുഡിലെ ഇരട്ട സംവിധായകരായ അബ്ബാസ്-മുസ്തിന്റെ അടുത്ത ചിത്രത്തിലാണ് ശ്രുതി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് വേണ്ടി താരം കരാറൊപ്പിട്ടു കഴിഞ്ഞു.

സാധാരണ അബ്ബാസ്-മുസ്താനിന്റെ ചിത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവയാണ്. എന്നാല്‍ ഈ ചിത്രത്തില്‍ നായികയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ ശ്രുതി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് താരം ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്പ് ആയോധനകലകള്‍ പരിശീലിക്കാന്‍ താരം ഒരു പരിശീലനകളരിയില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ചിത്രം ഇപ്പോഴും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും നടന്നുകൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ തേടുകയാണ് സംവിധായകര്‍. ഒക്ടോബറില്‍ ചിത്രത്തില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശ്രുതിക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണുള്ളത്. പുലി, അജിത്തിന്റെ പേരിട്ടിട്ടില്ലാത്ത തമിഴ് ചിത്രം, ശ്രീമാന്തുഡു എന്ന തെലുങ്ക് ചിത്രം, റോക്കി ഹാന്‍സം, വെല്‍ക്കം ബാക്ക്, യാരാ എന്നീ ഹിന്ദി ചിത്രങ്ങള്‍ എന്നിവയിലും ശ്രുതിയാണ് നായിക.

Top