ആക്രമണം തടയാന്‍ കോസ്റ്റ് ഗാര്‍ഡ് സജ്ജമല്ലെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ സമുദ്രത്തിലൂടെയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ എതിരിടാന്‍ കോസ്റ്റ് ഗാര്‍ഡ് സജ്ജമല്ലെന്ന് മുന്‍ പ്രതിരോധ സെക്രട്ടറി ആര്‍.കെ. മാതുര്‍. സമുദ്രമേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ കോസ്റ്റ് ഗാര്‍ഡ് വളരെ പിന്നിലാണ്. അനധികൃതമായി കയറുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിക്കാതെ വന്നേക്കാമെന്നും മാതുര്‍ പറയുന്നു.

മുംബൈ ഭീകരാക്രമണം പോലെ കടല്‍വഴിയുള്ള ആക്രമണം ഇന്ത്യയില്‍ ഉണ്ടായേക്കുമെന്നു സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെ തന്നെ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

വ്യോമ സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല. പാരാഗ്ലൈഡിങ് വഴി ആക്രമണം നടത്തിയേക്കാമെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. ഏതുതരത്തിലുള്ള ആക്രമണവും നേരിടുന്നതിനു തയാറാകണമെന്നു സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top