ആം ആദ്മി ശൈലി പകര്‍ത്തി ജനപിന്തുണ നേടാന്‍ സി.പി.എം തന്ത്രങ്ങള്‍ ഒരുക്കും

വിശാഖപട്ടണം: പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ആം ആദ്മി ശൈലിയില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനപിന്തുണ വര്‍ധിപ്പിക്കാന്‍
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. പാര്‍ട്ടിയുടെ മുഖ്യ ദൗര്‍ബല്യങ്ങളുടെ കൂട്ടത്തിലും അടിയന്തരമായി ഏറ്റെടുക്കേണ്ട ഭാവി ഉത്തരവാദിത്വങ്ങളുടെ കൂട്ടത്തിലും ഈ വിഷയം ആവര്‍ത്തിച്ച് എടുത്തു പറയുന്നു. പുതിയ കാലത്തിന് അനുസൃതമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും സമര ശൈലിയിലും വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളുടെ സൂചന കൂടിയാണിത്.

നേരിട്ടു പറയുന്നില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത്തരം സമരങ്ങളാണെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ആം ആദ്മി പാര്‍ട്ടിയെ മാതൃകയാക്കണമെന്ന് പറയുന്നില്ലെങ്കിലും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തന ശൈലി ആം ആദ്മിയുടെ പ്രവര്‍ത്തന ശൈലിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.

വിവിധ ജനവിഭാഗങ്ങള്‍ പൊതു ആവശ്യം ഉയര്‍ത്തി, ഏതെങ്കിലും സംഘടനയുടെ കൊടിക്കീഴില്‍ അല്ലാതെ നടത്തുന്ന സമരങ്ങള്‍ വര്‍ദ്ധിക്കുകയും അതിന് ജനപിന്തുണ ഏറുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തന ശൈലി മാറ്റണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ട് വയ്ക്കുന്നത്.

ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും ദൗര്‍ബല്യമുണ്ട്. സ്ഥിരമായി ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുംവിധം പ്രകടമായ ഇടപെടലുകള്‍ നടത്തുന്നതില്‍ പാര്‍ട്ടിയും ബഹുജന സംഘടനകളും പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സക്രിയമാക്കാനായി സമയ ബന്ധിതവും വ്യക്തവുമായ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബഹുജന സംഘടനകള്‍ വഴി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും അവരെ പാര്‍ട്ടിയുമായി കൂട്ടിയോജിപ്പിക്കാനും കഴിയണം. പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ സൈദ്ധാന്തിക അടിത്തറ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ക്‌ളാസുകള്‍ സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥി യുവജന മുന്നണി ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും രേഖ മുന്നോട്ടു വയ്ക്കുന്നു.
അഴിമതിക്കെതിരായ ജനകീയ മുന്നേറ്റമായി ആം ആദ്മി ഡല്‍ഹി ഭരണം പിടിച്ചപ്പോള്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു സി.പി.എം.

Top