ആം ആദ്മി പാര്‍ട്ടി ‘ബോയ്‌സ് ക്ലബ്ബെന്ന് ‘ മുതിര്‍ന്ന നേതാവ് അഡ്മിറല്‍ രാംദാസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയിലെ പടലപ്പിണക്കം തുടരുന്നു. പാര്‍ട്ടിയിലെ ലിംഗ നീതിയെ കുറിച്ചും വനിതാ പങ്കാളിത്തത്തെ കുറിച്ചും ചോദ്യം ചെയ്ത ആം ആദ്മി മുതിര്‍ന്ന നേതാവ് അഡ്മിറല്‍ രാംദാസാണ് ഏറ്റവുമൊടുവില്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ ‘ബോയ്‌സ് ക്ലബ് ‘ എന്ന് പരിഹസിച്ച രാംദാസ് എന്ത് കൊണ്ട് സര്‍ക്കാരില്‍ ഒരു വനിത പോലുമില്ലെന്നും ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫയര്‍ മന്ത്രിയായി രാഖി ബിര്‍ള ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഒറ്റ വനിതയെ പോലും ക്യാബിനറ്റില്‍ കാണാനില്ല. സ്ത്രീശാക്തീകരണത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്ന പാര്‍ട്ടി ആറ് വനിതാ എംഎല്‍എമാരുണ്ടായിട്ടും ഒരാളെ പോലും മന്ത്രിയാക്കാത്തത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും രാഷ്ട്രീയകാര്യ സമിതി കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളുമായുള്ള അഭിപ്രായ ഭിന്നതമൂലം പാര്‍ട്ടിയിലെ പ്രമുഖനും ബുദ്ധി കേന്ദ്രവുമായ യോഗേന്ദ്ര യാദവ് രാജി വയ്ക്കുമെന്ന് സൂചനയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ കേജ്‌രിവാളുമായി ഉടക്കിയ പ്രശാന്ത് ഭൂഷണ്‍ കുറച്ചു നാളായി അകന്നു നില്‍ക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ഭിന്നതയാണ് ഇപ്പോള്‍ വീണ്ടും പുറത്തുവന്നിരിക്കുന്നത്. കേജ്‌രിവാള്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നാരോപിച്ച് യോഗേന്ദ്ര യാദവ് എഴുതിയ കത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് യാദവ് രാജിവയ്ക്കുന്നതായും വാര്‍ത്തവന്നു. ഭിന്നതകള്‍ തത്കാലത്തേക്ക് പരിഹരിച്ച ശേഷമാണ് തിരഞ്ഞെടുപ്പിനൊരുങ്ങിയത്. 70 അംഗ നിയമസഭയില്‍ പാര്‍ട്ടി 67 സീറ്റുമായി ഏകപക്ഷീയ വിജയം നേടി അധികാരത്തിലേറി. വിജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് യോഗേന്ദ്ര യാദവ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, കേജ്‌രിവാള്‍ ഇതു തിരുത്തി പ്രസ്താവനയിറക്കി. തുടര്‍ന്ന് യാദവിനും തിരുത്തേണ്ടിവന്നു. അതിനുശേഷം ഇരുവര്‍ക്കുമിടയില്‍ മിണ്ടാട്ടമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സൂചനകള്‍.

Top