അഹങ്കാരമേ നിന്റെ പേരാണോ മമ്മൂട്ടി ? ; ചോദിച്ചു വാങ്ങുന്ന തിരിച്ചടി…

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ രജനികാന്തിനുപോലും ലഭിക്കാത്ത ഭരത് അവാര്‍ഡ് അഭിനയ മികവിന് പലവട്ടം മമ്മൂട്ടിയെ തേടിയെത്തിയത് വെള്ളിത്തിരയിലെ അദ്ദേഹത്തിന്റെ അസാധ്യ പ്രകടനം മുന്‍നിര്‍ത്തിയാണ്.  അല്ലാതെ തെരുവിലെ പ്രകടനത്തിനല്ല. ലക്ഷക്കണക്കിന് മലയാളികള്‍ മമ്മൂട്ടിയെ ആരാധനയോടും ബഹുമാനത്തോടും കൂടി കാണുന്നതും അഭിനയ മികവ് മുന്‍നിര്‍ത്തി തന്നെയാണ്.

ഷൂട്ടിംഗ് സെറ്റുകളിലെ മമ്മൂട്ടിയുടെ ഇടപെടലുകളും തട്ടിക്കയറ്റവുമെല്ലാം സിനിമ രംഗത്തെ പതിവ് ‘കലാപരിപാടി’കളാണെങ്കിലും പൊതു സമൂഹത്തിനിടയിലെ മെക്കിട്ട് കയറ്റം അപൂര്‍വ്വമാണ്.  സംസ്ഥാന സര്‍ക്കാരിന്റെ സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച മരംനടല്‍ പരിപാടിയില്‍ മമ്മൂട്ടി നടത്തിയ രോക്ഷപ്രകടനം അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കുപോലും അരോചകമാണ്.

കൊച്ചിയിലെ പ്രമുഖ സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തനിക്കിഷ്ടപ്പെടാത്ത മരം നല്‍കിയതാണ് മമ്മൂട്ടിയെ പ്രകോപിതനാക്കിയത്. ഇത് മമ്മൂട്ടിയെ പോലെ പൊതു സമൂഹം ആരാധിക്കുന്ന ഒരു നടന് ചേര്‍ന്ന പെരുമാറ്റമല്ല.

അശോക മരത്തൈ നടാന്‍ നല്‍കിയപ്പോള്‍ അതൊരു മരമല്ലെന്ന് പറഞ്ഞ് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാത്രമാണ് പിഴുതെടുത്ത ആല്‍മരത്തൈ സംഘാടകര്‍ക്ക് എത്തിക്കേണ്ടിവന്നത്. ഇതാണ്  മമ്മൂട്ടിയെ പ്രകോപിതനാക്കിയത്.

‘ആല്‍മരം ഒരു മരമല്ലെന്നും ഇനി ഒരിടത്തും താന്‍ മരം നടാന്‍ എത്തില്ലെന്നും’പ്രഖ്യാപിച്ച മമ്മൂട്ടി ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. അടുത്ത കാലത്ത് താങ്കള്‍ അഭിനയിച്ച എത്ര സിനിമകളാണ് വിജയിച്ചത് എന്ന യാഥാര്‍ഥ്യം..?

ആരാധനയും അംഗീകാരവുമെല്ലാം അഹങ്കാരത്തിന് കാരണമാകുമ്പോള്‍ തിരിച്ചടിയും സ്വാഭാവികമാണ്. വര്‍ഷങ്ങളോളം  കഷ്ടപ്പെട്ട് പ്രയത്‌നിച്ച്‌ കഥാകൃത്തുക്കള്‍ പാകപ്പെടുത്തിയെടുത്ത തിരക്കഥകള്‍ പൊളിച്ചും സംവിധായകന് മീതെ സൂപ്പര്‍ സംവിധായകനായും മുന്നോട്ട് പോയതാണ് അടുത്ത കാലത്ത് മമ്മൂട്ടിക്ക് ഏറ്റ തിരിച്ചടിയുടെ പ്രധാന കാരണമെന്ന് സിനിമാരംഗത്തെ പ്രമുഖര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊതു സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും തന്നെ കാണാന്‍ ഷൂട്ടിംഗ് സെറ്റുകളില്‍ വരുന്ന ആരാധകരോടും മമ്മൂട്ടി പ്രകടിപ്പിക്കുന്ന അസഹിഷ്ണുത തന്നെയാണ് മരംനടല്‍ ചടങ്ങില്‍ ജനപ്രതിനിധികളുടെയും കുട്ടികളുടെയും മുന്നില്‍ വച്ച് അരങ്ങേറിയത്.

സര്‍ക്കാര്‍ പരിപാടികള്‍ക്കും പൊതുപരിപാടികള്‍ക്കും മമ്മൂട്ടിയെ വിളിക്കുന്നതിന് മുമ്പ് സംഘാടകര്‍ രണ്ടുവട്ടം
ആലോചിക്കണം ആരാധനയാണോ അഭിമാനമാണോ വലുതെന്ന്…

ജനങ്ങളാണ് ഇവിടെ താരങ്ങളെയും ജനപ്രതിനിധികളെയും സര്‍ക്കാരിനെയും സൃഷ്ടിക്കുന്നത്. അവരുടെ അംഗീകാരം അഹങ്കാരമാക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ വന്നാല്‍ ഇപ്പോള്‍ വെള്ളിത്തിരയില്‍ നേരിടുന്ന തിരിച്ചടി സ്വന്തം ജീവിതത്തില്‍ ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ല.

Team ExpressKerala

 

Top