അവസാന മത്സരത്തില്‍ ജയം തേടി ധോണിയും കൂട്ടരും ഇന്നിറങ്ങുന്നു

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താമെന്ന പ്രതീക്ഷയുമായി ബംഗ്ലാദേശിലെത്തിയ ടീം ഇന്ത്യ പരമ്പര അടിയറവു വച്ചുകഴിഞ്ഞു. അവസാന മത്സരത്തിലെങ്കിലും ജയിച്ച് സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുകയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള ഏക ലക്ഷ്യം.

പാക്കിസ്ഥാനെതിരെ നേടിയപോലെ ഒരു വൈറ്റ് വാഷിനാകും ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഇറങ്ങുക. പാക്കിസ്ഥാനെ മൂന്ന് ഏകദിനത്തിലും ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരം കൂടി തോറ്റാല്‍ ബംഗ്ലാദേശിനോട് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം നായകനെന്ന പേര് മഹേന്ദ്രസിംഗ് ധോണിയുടെ പേരിലാകും.

ധോണിയുടെ കീഴില്‍ ഇന്ത്യ മൂന്നു തവണ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടുണ്ട്. 2011ല്‍ ഇംഗ്ലണ്ടിനോട് അഞ്ച് ഏകദിനങ്ങളില്‍ നാലിലും തോറ്റു. ഒരെണ്ണം സമനിലയാകുകയായിരുന്നു. 2013 ദക്ഷിണാഫ്രിക്കയില്‍ അവരോട് 2-0നും കഴിഞ്ഞ വര്‍ഷമാദ്യം ന്യൂസിലന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നാലിലും തോറ്റു, ഒരെണ്ണം സമനിലയായി. സാധാരണ ബംഗ്ലാദേശിലേക്കു രണ്ടാം നിര ടീമിനെ അയയ്ക്കുന്ന ടീം ഇക്കുറി ഒന്നാം നിരയെതന്നെ വിട്ടു. എന്നാല്‍, ടീം അവിടെ ആദ്യ മത്സരത്തില്‍ 79 റണ്‍സിനും രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനും ബംഗ്ലാദേശിന്റെ യുവനിരയുടെ മുന്നില്‍ കീഴടങ്ങി.

ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ സമ്പൂര്‍ണ തോല്‍വിയിലേക്കു തള്ളിവിടാന്‍ ആദ്യമായാണ് ബംഗ്ലാദേശിന് ഒരവസരം ലഭിച്ചിരിക്കുന്നത്.

Top