അവസരവാദ വിപ്ലവ ‘മുഖത്തിന് ‘ തിരിച്ചടി; ആലപ്പുഴയെ ജനസാഗരമാക്കി സിപിഎം..

ആലപ്പുഴ: സിപിഎം സ്ഥാപക നേതാവിന്റെ അവസരവാദ രാഷ്ട്രീയത്തിന് ബലിയാടുകളാകുവാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ ആലപ്പുഴയിലേക്ക് ഒഴുകിയത് സിപിഎം നേതൃത്വത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്.

പാര്‍ട്ടി നേതൃത്വവുമായി ഉടക്കി പ്രതിനിധി സമ്മേളന വേദി വിട്ട വി.എസ് പാര്‍ട്ടി നേതൃത്വത്തിന്റെ ക്ഷണം നിരസിച്ച് പൊതു സമ്മേളന വേദിയിലേക്ക് വരില്ലെന്ന് അറിഞ്ഞതോടെയാണ് പാര്‍ട്ടിയുടെ ‘രക്ഷക്ക്’ പ്രവര്‍ത്തകര്‍ മറ്റ് ജില്ലകളില്‍ നിന്നടക്കം ഒഴുകിയെത്തിയത്. ഒരുലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സമ്മേളനം വീക്ഷിക്കാനായി ആലപ്പുഴയില്‍ എത്തിയതായാണ് വ്യക്തമാകുന്നത്.

പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ബന്ധപ്പെട്ട വേദിയില്‍ ചര്‍ച്ച ചെയ്യാതെ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ വി.എസിന്റെ നടപടിയില്‍ പ്രവര്‍ത്തകരും കടുത്ത രോക്ഷത്തിലാണ്. 25000-ത്തോളം വരുന്ന റെഡ് വോളന്റിയര്‍മാര്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കുട്ടികളും, വൃദ്ധരും, യുവാക്കളും സ്ത്രീകളുമടങ്ങിയ വന്‍ ജനസഞ്ചയം ആലപ്പുഴയിലെ സമ്മേളന നഗരിയെ ജനസാന്ദ്രമാക്കിയിരുന്നു.

രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്വന്തം ജില്ലയില്‍ ടെലിവിഷനില്‍ കൂടി സമ്മേളന നടപടി കാണേണ്ട ഗതികേടിലായിരുന്നു വി.എസ് അച്യുതാനന്ദന്‍. സിപിഎം രൂപീകരണ കാലഘട്ടത്തിന് ശേഷം വി.എസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

വി.എസിന്റെ അസാന്നിധ്യം പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തകരെയും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതു സമ്മേളനത്തില്‍ ആള് കുറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ നേതാക്കളെക്കാള്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു സമ്മേളന നഗരിയിലെ ആവേശം.

പശ്ചിമ ബംഗാളില്‍ ഇന്ന് സ്വപ്നം കാണാന്‍പോലും പറ്റാത്ത അത്ര വലിയ ജനക്കൂട്ടത്തെ നോക്കി കേന്ദ്ര നേതാക്കളും നെടുവീര്‍പ്പിട്ടു. വി.എസ് അച്യുതാനന്ദന്‍ ഇനി പാര്‍ട്ടിക്ക് വഴങ്ങിയാലും ഇല്ലെങ്കിലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം കേന്ദ്ര നേതാക്കള്‍ക്ക് നല്‍കാന്‍ പൊതു സമ്മേളനത്തിനായതില്‍ സംസ്ഥാന നേതൃത്വവും സന്തോഷത്തിലാണ്.

പൊതുസമ്മേളനം സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

Top