അവസരവാദത്തിന്റെ പുത്തന്‍ രാഷ്ട്രീയത്തിനും മറക്കാന്‍ കഴിയില്ല ഈ മുഖങ്ങള്‍…

ഭരണകൂടത്തിന്റെ നിറതോക്കിന് മുന്നില്‍ വിരിമാറ് കാട്ടി പിടഞ്ഞുവീണ അഞ്ചുപേര്‍… മരണത്തിന്റെ മുഖത്ത് ചവിട്ടി ഇന്നും ജീവിക്കുന്ന പുഷ്പന്‍… ലക്ഷക്കണക്കിന് യുവജനങ്ങളുടെ നെഞ്ചില്‍ ആവേശവും,നൊമ്പരവുമയി കത്തിപ്പടര്‍ന്ന കൂത്തുപറമ്പ് രക്തസാക്ഷികള്‍…

കാലംമായ്ക്കുന്ന ഓര്‍മ്മകള്‍ക്കും അവസരവാദത്തിന്റെ പുത്തന്‍ രാഷ്ട്രീയത്തിനും മായ്ക്കാന്‍ കഴിയില്ല ഈ ചോരചിതറിയ പാടുകള്‍… പാവപ്പെട്ടവനും ജനിച്ച മണ്ണില്‍ പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള യുവജന – വിദ്യാര്‍ത്ഥി പോരാട്ടത്തിലാണ് അഞ്ച് യുവാക്കള്‍ പിടഞ്ഞ് വീണത്. തോക്കിന് മുന്നില്‍ പിന്‍തിരിഞ്ഞോടിയല്ല മറിച്ച് ചങ്കൂറ്റത്തോടെ വിരിമാറ് കാട്ടി പ്രതിരോധിച്ചാണ് രാജീവന്‍, റോഷന്‍, മധു, ബാബു, ഷിബുലാല്‍ എന്നിവര്‍ രക്തസാക്ഷിത്വം വഹിച്ചത്.

പരിയാരത്ത് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് കൊണ്ടുവന്നതിനെ എതിര്‍ത്ത് മാത്രമല്ല അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ കച്ചവടത്തോടുള്ള യുവജന സമൂഹത്തിന്റെ പ്രതിഷേധം കൂടിയായിരുന്നു 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അരങ്ങേറിയിരുന്നത്.

ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്താകമാനം നടന്ന് വന്നിരുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ പ്രതിഷേധം. സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും,ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പും അവഗണിച്ച് സംഭവ സ്ഥലത്തെത്തിയ അന്നത്തെ സഹകരണ മന്ത്രി എം.വി രാഘവന്റെ നടപടിയാണ് വെടിവെയ്പിനും വന്‍ ദുരന്തത്തിനും കാരണമായിരുന്നത്.

ഈ യാഥാര്‍ത്ഥ്യം എം.വി രാഘവന്റെ മരണത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ മറക്കേണ്ട കാര്യമല്ല. തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ മുന്‍കാല നടപടികളില്‍ രാഘവന്‍ പശ്ചാത്തപിച്ചിട്ടുമില്ല. രോഗ ശയ്യയില്‍ കിടന്ന രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചതുകൊണ്ട് രാഘവന്‍ നിലപാട് മാറി പശ്ചാതപിച്ചു എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തോടുള്ള അവഹേളനം കൂടിയാണ്.

ചങ്കൂറ്റമുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു മരണം വരെ എം.വി രാഘവന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായിട്ടും നിലപാടുകളില്‍ മാറ്റം വരുത്താതെ ഉറച്ചുനിന്ന രാഘവന്റെ ഓര്‍മ്മകളിലെ ‘ബലഹീനതയെ’ വക്രീകരിക്കുന്നത് ഒരു നേതാവിനും ഭൂഷണമല്ല. ആശയപരമായ അഭിപ്രായ ഭിന്നതയും പോരാട്ടങ്ങളും രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ എം.വി രാഘവനെ ഒഴിച്ച് നിര്‍ത്താന്‍ ആര്‍ക്കുംപറ്റില്ല.

എന്നാല്‍ സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എം.വി രാഘവന്‍ വലതുപക്ഷ പാളയത്തിലെത്തി ഇടതുപക്ഷത്തെ വെല്ലുവിളിച്ചതും തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളുടെയും ഒടുവിലത്തെ ഇരകളാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍ എന്നതും മറക്കാന്‍ പറ്റില്ല. ആര്‍ക്കും മുന്നില്‍ മുട്ട് മടക്കാത്ത ആ കമ്യൂണിസ്റ്റ് ‘ധിക്കാരത’ കൂത്തുപറമ്പില്‍ ചോരപടര്‍ത്തിയത് ചരിത്രമാണ്. ഇത് പുതിയ രാഷ്ട്രീയത്തില്‍ മറച്ച് പിടിച്ച് മുന്നോട്ട് പോകുന്നത് ഇന്നുവരെ വിളിച്ച മുദ്രാവാക്യങ്ങളോടുള്ള നന്ദികേട് മാത്രമല്ല രക്തസാക്ഷികളോടുള്ള അനാദരവ് കൂടിയാണ്. ഈ യാഥാര്‍ത്ഥ്യം ശുഭ്രപതാകയേന്തുന്ന ‘അഭിനവ’ വിപ്ലവകാരികളും അവരെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന സിപിഎം നേതാക്കളും മറക്കരുത്.

എം.വി രാഘവന്റെ പാര്‍ട്ടിയെ പിളര്‍ത്തി ഒരു കഷ്ണത്തെ അടര്‍ത്തിമാറ്റിയല്ല ഇടത് പക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. മറിച്ച് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍,നന്മകള്‍,ഇടപെടലുകള്‍ എന്നിവ തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. കഴിഞ്ഞ കാലങ്ങളില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും കേരളത്തിലെ യുവജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും ആവേശമായിരുന്നു. ഈ സംഘടനകളുടെ മുദ്രാവാക്യങ്ങള്‍ക്കും സമരങ്ങള്‍ക്കും കേരളം എന്നും ചെവിയോര്‍ത്തിട്ടുണ്ട്. ആവേശകരമായ ആ സമരമുഖവും ആത്മാര്‍ത്ഥതയും ഇന്ന് ഈ സംഘടനകള്‍ക്ക് അന്യമായിരിക്കുകയാണ്.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അമരക്കാരാവാനുള്ള സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കിടമത്സരവും വിഭാഗീയതയും വെട്ടിനിരത്തലുമെല്ലാം ഏറെ നാശംവിതച്ചത് എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ സംഘടനകള്‍ക്കാണ്. സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായി സംഘടനയ്ക്കകത്ത് വന്ന വലിയ ഒരു വിഭാഗം യുവജന – വിദ്യാര്‍ത്ഥി നേതാക്കള്‍ വെട്ടിനിരത്തലില്‍പെട്ട് നിലംപരിശായപ്പോള്‍ തിരിച്ചടിയേറ്റത് കേരളത്തിന് ഏറെ പ്രിയപ്പെട്ടിരുന്ന വിപ്ലവ യുവജന – വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാണ്.

പതിനായിരങ്ങളേയും ലക്ഷങ്ങളേയും അണിനിരത്തി സമരം ചെയ്ത കഴിഞ്ഞ കാലങ്ങള്‍ ഇന്ന് ഈ സംഘടനകള്‍ക്ക് ‘പേടിസ്വപ്‌നമാണ്. അവര്‍ പാവപ്പെട്ടവന്റെ സ്വപ്‌നങ്ങളെയല്ല ചുംബനസമരത്തിന്റെ ന്യൂജനറേഷനെയാണ് ഇപ്പോള്‍ മാതൃകയാക്കുന്നത്.

Top