അവന്‍റോസ് എനർജിയുടെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടർ S110നെ  വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ചെന്നൈ  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവന്‍റോസ് എനർജി കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറായ S110നെ  വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2021 ഒക്ടോബർ 10 ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ ദിവസം തന്നെ പ്രീ-ബുക്കിംഗ് ആരംഭിക്കും.

നഗര, ഗ്രാമീണ വിപണികൾക്കുള്ള ഒരു പരുക്കൻ സ്‍കൂട്ടറായാണ് പുതിയ അവന്‍റോസ് എസ് 110ന്‍റെ രൂപകൽപ്പന. ഒരു പോർട്ടബിൾ ബാറ്ററിയുമായാണ് വാഹനം വരുന്നത്. ഏത് പവർ സോക്കറ്റിൽ നിന്നും ഈ സ്‍കൂട്ടര്‍ ചാർജ് ചെയ്യാനും കഴിയും.  മിഡ് മൗണ്ടഡ് പിഎംഎസ്എം മോട്ടോര്‍, 140 എൻഎം ടോർക്ക്,  60 കിലോമീറ്റര്‍ വേഗത, ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂര പരിധി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.  ഒപ്പം 17 ഇഞ്ച് അലോയ് വീലുകൾ, 3 വർഷത്തെ വാറന്റി തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

85,000 രൂപയായിരിക്കും വാഹനത്തിന്‍റെ എക്സ്-ഷോറൂം വില. ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പരിഹാരം നൽകാൻ ഇൻഷുറൻസ്, ഫിനാൻസിംഗ് കമ്പനികളുമായി അവന്റോസ് ചർച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാല് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ സ്വന്തം നിലയിൽ  കമ്പനി എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിച്ചതിനുശേഷം, അവന്റോസ് ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡീലർഷിപ്പുകൾ തുറക്കും.

അവന്റോസ് എസ് 110 ഇലക്ട്രിക് സ്‍കൂട്ടറിന് പിന്നാലെ വരും മാസങ്ങളിൽ കമ്പനി ഉയർന്ന പ്രകടനമുള്ള എസ് 125 ഇ-സ്കൂട്ടറും എം 125 ഇലക്ട്രിക് മോട്ടോർസൈക്കിളും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top