അഴിമതിക്കാര്‍ക്ക് ഇനി ഏഴു വര്‍ഷം അഴിയെണ്ണാം

ന്യൂഡല്‍ഹി: രാജ്യത്തു നിന്ന് അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അഴിമതി നിരോധ ബില്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതി കേസുകളില്‍ തടവുശിക്ഷാ കാലാവധി വര്‍ധിപ്പിക്കുന്നതടക്കമുള്ള ഭേദഗതികള്‍ക്കാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇപ്പോള്‍ ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെയാണു തടവ് ശിക്ഷ. ഇത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയാക്കി ഉയര്‍ത്തും.
ഇതോടൊപ്പം അഴിമതിയെ നീചകുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

കൈ ക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കടുത്ത കുറ്റകൃത്യമാ ക്കും. ഇതോടൊപ്പം അഴിമതിക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള അധികാരം വിചാരണ കോടതി സ്‌പെഷ്യല്‍ ജഡ്ജിക്കു ലഭിക്കും. കൈക്കൂലി നല്‍കുന്നവര്‍ക്കെതിരായുള്ള വ്യവസ്ഥകള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകം. അഴിമതി കേസുകളിലെ വിചാരണ കാലാവധി എട്ടു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമാക്കി കുറയ്ക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചാല്‍ അഴിമതിയായി കണക്കാക്കും. പണമല്ലാതെ കൈപ്പറ്റുന്ന വിലകൂടിയ വസ്തുക്കളെയും അഴിമതിയില്‍ ഉള്‍പ്പെടുത്തും. ഇതോടൊപ്പം പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സംരക്ഷണം വിരമിച്ചതും രാജിവച്ചതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. അഴിമതിക്കെതിരേ യുഎന്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയതാണു ഭേദഗതി.

Top