അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഗവ. സംരക്ഷണമെന്ന് ശിവന്‍കുട്ടി എംഎല്‍എ

തിരുവനന്തപുരം: ഐ.ജി ശ്രീജിത്തും എസ്.പി രാഹുലും ഐഎഎസ് ഓഫീസര്‍ ടോം ജോസും ഉള്‍പ്പെടെയുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ.

മാതൃഭൂമിയുടെ പ്രൈംടൈം ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ആഭ്യന്തര വകുപ്പിനെതിരെ സിപിഎം നേതാവ് ആഞ്ഞടിച്ചത്.

ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് സത്യസന്ധനായ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസിനെ മാറ്റിയ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ഈ സ്ഥംമാറ്റത്തില്‍ ഒട്ടേറെ ദുരൂഹതയും ഇടപെടലുമുണ്ട്. ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

ശ്രീജിത്ത് ഐപിഎസ്, എസ്.പി രാഹുല്‍ ആര്‍ നായര്‍, ഐഎഎസ് ഓഫീസര്‍മാരായ ടോംജോസ്, ടി.ഒ സൂരജ് തുടങ്ങിയ നിരവധി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് അഴിമതിക്ക് കൂട്ട് നില്‍ക്കാത്തവരെ പുറത്താക്കുന്നത്.

ബാര്‍കോഴക്കേസില്‍ സത്യസന്ധമായ നിലപാടെടുത്ത ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് ആദ്യം തെറുപ്പിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇരിക്കേണ്ട പൊലീസ് കണ്‍സ്ട്രക്ഷന്‍ എംഡിയായി ഡിജിപി തസ്തികയിലുള്ള ജേക്കബ് തോമസിനെ നിയമിച്ചത് തരംതാഴ്ത്തലാണ്. ഇതിന് പിന്നില്‍ വന്‍ ഇടപാടുകളും ഫ്‌ളാറ്റ് ലോബിയുടെ ഇടപെടലുമുണ്ടെന്നും എംഎല്‍എ ആരോപിച്ചു.

എന്നാല്‍ ജേക്കബ് തോമസിന്റെ സ്ഥലംമാറ്റം ആഭ്യന്തര മന്ത്രിയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും കാബിനറ്റിന്റെ പൊതുവായ തീരുമാനമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍ എംഎല്‍എ പറഞ്ഞു.

അതേസമയം പൊലീസ് സേനയില്‍ സത്യസന്ധനെന്ന് പേരെടുത്ത ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടതായാണ് സൂചന.

നിയമനം നല്‍കി മാസങ്ങള്‍ക്കുള്ളില്‍ വയനാട് എസ്.പി അജിതാ ബീഗത്തെയും പാലക്കാട് എസ്.പി മഞജുനാഥിനെയും മാറ്റിയതിന് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെയും മാറ്റിയിരിക്കുന്നത്.

നിയമനം നല്‍കി രണ്ട് വര്‍ഷം കഴിയാതെ മതിയായ കാരണങ്ങളില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന സുപ്രീംകോടതി ഉത്തരവാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിക്കുന്നത്.

വിജിലന്‍സ് കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയുന്നതിന് മുന്‍പ് സര്‍വ്വീസില്‍ തിരിച്ചെടുത്ത് ‘സമുദായ സ്‌നേഹം’ കാണിച്ച വകുപ്പ് മന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കാര്യത്തിലെടുക്കുന്ന നടപടി നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

Top