അലിഗഢ് സർവ്വകലാശാല സ്ഥാപിച്ചത് മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയെന്ന് മറക്കരുത്- സുപ്രീം കോടതി

ലിഗഢ് മുസ്‌ലിം സര്‍വകലാശാല സ്ഥാപിച്ചത് മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയാണെന്നത് മറക്കരുതെന്ന് സുപ്രീംകോടതി. അലിഗഢിന്റെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിൽ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വാക്കാല്‍ നിരീക്ഷിച്ചത്. ന്യൂനപക്ഷ സ്ഥാപനത്തേയും ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് സാധിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

മുസ്‌ലീങ്ങളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ അപകടത്തിലാണെന്നത് തീര്‍ത്തും തെറ്റായ വാദമാണെന്ന് കേസിലെ എതിര്‍കക്ഷികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ പറഞ്ഞു. ഇവിടെ എല്ലാ പൗരന്‍മാരും തുല്യരാണെന്നും സംവരണം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എടുത്തുകളഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

ഇതിനിടെ, ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ യതീന്ദര്‍ സിങ്ങിന്റെ വാദം വ്യക്തികളിലേക്ക് കടന്നപ്പോഴാണ് സുപ്രീം കോടതി താക്കീത് നൽകിയത്. മുസ്‌ലീങ്ങള്‍ മതന്യൂനപക്ഷമല്ലെന്നും തിരഞ്ഞെടുപ്പ് ഫലം നിയന്ത്രിക്കാനാവുന്ന ജനവിഭാഗമാണെന്നും വാദിക്കവേയാണ് യതീന്ദര്‍ സിങ് വിവാദ പരാമര്‍ശങ്ങളിലേക്ക് കടന്നത്.

ബിന്ദ്രന്‍വാല (ഖലിസ്താന്‍ വിഘടനവാദി നേതാവ്) ഇന്ദിരാഗാന്ധിയുടെ സൃഷ്ടിയാണെങ്കില്‍ ഒവൈസി (മജ്‌ലിസ് പാര്‍ട്ടി നേതാവ്) ബി.ജെ.പി.യുടെ സൃഷ്ടിയാണെന്നാണ് സിങ് പറഞ്ഞത്. ഉടൻ സുപ്രീം കോടതി ഇടപെടുകയായിരുന്നു. രാഷ്ട്രീയ വ്യക്തിത്വങ്ങളേക്കുറിച്ച് പരാമര്‍ശിക്കേണ്ടില്ലെന്നും ഭരണഘടനാ നിയമങ്ങളിലേക്ക് വാദം ഒതുക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അലിഗഢ് കേസിലെ ഏഴാം ദിവസത്തെ വാദമാണ് ബുധനാഴ്ച നടന്നത്. വ്യാഴാഴ്ചയും വാദം തുടരും.

അലിഗഢ് കേന്ദ്ര സര്‍വകലാശാലയാണെന്നും അതിന് ന്യൂനപക്ഷ പദവി കല്‍പ്പിച്ചുനല്‍കാനാവില്ലെന്നും 1968-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, 1981-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കിയെങ്കിലും 2006-ല്‍ അലഹബാദ് ഹൈക്കോടതി അത് റദ്ദാക്കി. അതിനെതിരായ അപ്പീലുകള്‍ പരിഗണിക്കവേ 2019-ലാണ് സുപ്രീംകോടതി വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്.

Top