അലിഗഡ് മുസ്ലീം സര്‍വകലാശാല ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനാനുമതി നല്‍കി

ലക്‌നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ കേന്ദ്ര ലൈബ്രറിയില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാം. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും മൗലാനാ ആസാദ് ലൈബ്രറിയില്‍ പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാന്‍സലര്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ സമീറുദീന്‍ ഷാ അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചു. അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനികള്‍ക്കും ലൈബ്രറിയില്‍ അംഗത്വം നല്‍കുമെന്നും വൈസ്ചാന്‍സലര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ വരാന്‍ തുടങ്ങിയാല്‍ ലൈബ്രറിയില്‍ എത്തുന്ന ആണ്‍കുട്ടികളുടെ എണ്ണം നാലിരട്ടിയാകുമെന്ന കാരണം പറഞ്ഞാണ് വി.സി പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയില്‍ പ്രവേശനം നിഷേധിച്ചിരുന്നത്.

വിമന്‍സ് കോളേജ് ലൈബ്രറിയേക്കാള്‍ സൗകര്യങ്ങള്‍ മൗലാനാ ആസാദ് ലൈബ്രറിയില്‍ ഉള്ളതു കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികാരികളെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് വിസി കാരണസഹിതം വ്യക്തമാക്കുകയായിരുന്നു.

Top