ബിസിസിഐ തലപ്പത്ത് പോലീസ് മേധാവി ; ശ്രീശാന്തിന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: ശ്രീശാന്തിനെ കുരുക്കിയ ഐ.പി.എല്‍ ‘കോഴക്കേസ്’ അന്വേഷണത്തിന് നേതൃത്വം കൊടുത്ത മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ തലപ്പത്ത് ഇരിക്കുന്നത് ശ്രീയുടെ തിരിച്ച് വരവിന് തിരിച്ചടിയാകും.

ഡല്‍ഹി പെണ്‍കുട്ടിയുടെ ദാരുണ മരണത്തോടെ മുഖം നഷ്ടപ്പെട്ട ഡല്‍ഹി പോലീസ് പ്രതിച്ഛായ തിരിച്ച് പിടിക്കാന്‍ ഐ.പി.എല്‍ ‘കോഴക്കേസ് ‘ വലിയ ആയുധമാക്കിയതാണ് രാജ്യവ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായിരുന്നത്.

മുംബെയില്‍ നിന്ന് മുഖംമൂടി ധരിപ്പിച്ച് തീവ്രവാദികളെ പോലെ ശ്രീശാന്ത് അടക്കമുള്ളവരെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് വാര്‍ത്താ ചാനലുകള്‍ക്ക് വിരുന്നൊരുക്കിയ അന്നത്തെ ഡല്‍ഹി കമ്മീഷണര്‍ നീരജ് കുമാര്‍ തന്നെയാണ് കേസ് സംബന്ധമായ വിവിധ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പങ്ക് വെച്ചിരുന്നത്.

പ്രതികള്‍ക്കെതിരെ മകോക്ക ചുമത്തണമെന്നും നൂറ് മണിക്കൂര്‍ റിക്കാര്‍ഡ് ചെയ്ത സംഭാഷണം തങ്ങളുടെ കൈവശമുണ്ടെന്നുമായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം.

ഐ.പി.എല്‍ ഒത്ത് കളിക്കും കോഴ ഇടപാടിനും പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് ചുണ്ടിക്കാട്ടി ഈ കേസിന് അന്താരാഷ്ട്ര പ്രാധാന്യം നല്‍കാനും ബോധപൂര്‍വ്വമായ ശ്രമമുണ്ടായി.

പോലീസ് സ്റ്റോറി ചീട്ടുകൊട്ടാരം പോലെ പാട്യാല ഹൈക്കോടതിയില്‍ തകര്‍ന്നടിയുകയും ശ്രീശാന്ത് ഉള്‍പ്പെടെ 33 പേരെയും നിരുപാധികം വിട്ടയക്കുകയും ചെയ്തതോടെ ഡല്‍ഹി പോലീസിന്റെ വിശ്വാസ്യതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

നീരജ് കുമാറിന്റെ റിട്ടയര്‍മെന്റ് സമയത്തോടനുബന്ധിച്ച് നടന്ന ഈ കേസ് ബോധപൂര്‍വ്വം ചില തല്‍പ്പര കക്ഷികള്‍ക്കായി കെട്ടിച്ചമച്ചതാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

റിട്ടയര്‍മെന്റിന് ശേഷം നീരജ് കുമാര്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ തലപ്പത്ത് എത്തിയത് ബി.സി.സി.ഐയിലെ ചില സ്വാധീനങ്ങളുടെ തെളിവായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ കടുംപിടുത്തം തുടരുന്നതും ഏറെ സംശയത്തിനിട നല്‍കിയിരിക്കുകയാണ്.

നീരജ് കുമാറും ശ്രീശാന്ത് വിരുദ്ധരും ബി.സി.സി.ഐയില്‍ തുടരുന്നിടത്തോളം ഇന്ത്യന്‍ ടീമില്‍ തിരിച്ച് കയറുക ശ്രീശാന്തിനെ സംബന്ധിച്ച് സ്വപ്നം മാത്രമാകാനാണ് സാധ്യത.

പാട്യാല കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതും ശ്രിയുടെ അടക്കം ഭാവി തകര്‍ക്കുക എന്ന ഉദ്ദ്യേശ്യം ലക്ഷ്യമിട്ടാണെന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല.

കോടതി നടപടികള്‍ അനന്തമായി നീളുന്നത് ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

അതേ സമയം കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ നീരജ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്ക് ശ്രീശാന്ത് അടക്കം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തുനിയുമെന്ന് ഭയന്നാണ് അപ്പീല്‍ നടപടിയുമായി മുന്നോട്ട് പോവാന്‍ ഡല്‍ഹി പോലീസിനെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Top