അറബിക് സര്‍വകലാശാല: ചീഫ് സെക്രട്ടറിക്കും ധനവകുപ്പിനുമെതിരെ ചന്ദ്രിക മുഖപ്രസംഗം

കോഴിക്കോട്: അറബിക് സര്‍വകലാശാല പ്രശ്‌നത്തില്‍ ചീഫ് സെക്രട്ടറിക്കും ധനവകുപ്പ് സെക്രട്ടറിക്കുമെതിരെ ലീഗ് മുഖപത്രം. ഇരുവരുടെയും പ്രസ്താവനകള്‍ വര്‍ഗീയത ആളിക്കത്തിക്കുമെന്ന് ‘ചന്ദ്രിക’ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ഇതിനിടെ അറബിക് സര്‍വകലാശാലാക്കാര്യത്തില്‍ പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശ ഭാഷക്കായി സര്‍വകലാശാല ആരംഭിക്കാനാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ ഉപകരിക്കൂ എന്നു ചന്ദ്രിക മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

വര്‍ഗീയത വളര്‍ത്താനേ അറബിക് സര്‍വകലാശാല ഉപകരിക്കു എന്നു ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എം. അബ്രഹാം ഫയലില്‍ കുറിച്ചു എന്നും വിമര്‍ശനമുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന 30 ലക്ഷം മലയാളികള്‍ക്ക് വേണ്ടിയാണ് സര്‍വകലാലാശാല.

അറബിക് പഠിക്കുന്നത് വഴി ഉണ്ടാകുന്ന തൊഴില്‍ സാധ്യതകളാണ് പരിഗണിക്കേണ്ടത്. അല്ലാതെ ഭാഷയുടെ മതം ഏതെന്ന് വരികള്‍ക്കിടയില്‍ വായിക്കാനല്ല ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും ചന്ദ്രിക മുഖപ്രസംഗം പറയുന്നു.

വിഷലിപ്തമായ സവര്‍ണ്ണ ഫാസിസ്റ്റ് ബോധമാണ് അറബിക് സര്‍വ്വകലാശാലയ്ക്ക് എതിരെയുള്ള നിലപാടിന് പിന്നിലെന്നും ചന്ദ്രിക ആരോപിക്കുന്നു.

Top