അര്‍മേനിയന്‍ കുരുതിക്ക് നൂറ് വയസ്സ്

എറിവന്‍ (അര്‍മേനിയ): ഇന്നും വിവാദം നിലനില്‍ക്കുന്ന അര്‍മേനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം ഇന്നലെ തലസ്ഥാന നഗരമായ എറിവനില്‍ സംഘടിപ്പിച്ചു. ഓട്ടോമാന്‍ തുര്‍ക്കികള്‍ വംശഹത്യ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന 15 ലക്ഷം അര്‍മേനിയക്കാരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍, ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാഷ്യസ് ഹോളണ്ടെ എന്നിവരടക്കം നിരവധി രാഷ്ട്ര നേതാക്കള്‍ പങ്കെടുത്തു.

അനുസ്മരണ ചടങ്ങുകള്‍ക്ക് മുന്നോടിയായി, കൊലചെയ്യപ്പെട്ട 15 ലക്ഷം പേരെയും കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ കാനോനിക വിശുദ്ധ പ്രഖ്യാപനമാണിതെന്ന് സഭ അവകാശപ്പെട്ടിട്ടുണ്ട്. ഇന്നലെ എറിവനില്‍ നടന്ന അനുസ്മരണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ലോക നേതാക്കള്‍ ഒരു മിനുട്ട് നേരം മൗനം ആചരിച്ചു. അര്‍മേനിയന്‍ പ്രസിഡന്റ് സെര്‍സ് സര്‍ക്കിസിയനും ഭാര്യ ലേഡി റീത്ത സര്‍ക്കിസിയനും കൊല ചെയ്യപ്പെട്ടവരുടെ സ്മാരകത്തിനു മുന്നില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പിന്നാലെ വിവിധ ലോകനേതാക്കള്‍ മഞ്ഞ റോസാ പുഷ്പങ്ങള്‍ പുഷ്പചക്രത്തിനു മുകളില്‍ അര്‍പ്പിച്ചു. 1915 ഏപ്രില്‍ 24ന് നടന്ന കൂട്ടക്കൊലയെ വംശഹത്യയായി അനുസ്മരിക്കുമ്പോ ള്‍, നൂറു വര്‍ഷമായി രാജ്യം അനുഭവിച്ചുവരുന്ന നിഷേധത്തിന്റെ ഇരുട്ടിനെ ദൂരീകരിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സെര്‍സ് സര്‍ക്കിസി പറഞ്ഞു.

അര്‍മേനിയ കടന്നുപോയ ദുരന്തത്തെ മറക്കാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെ പറഞ്ഞു. അനുസ്മരണങ്ങളുടെ ഭാഗമായി ആയിരങ്ങള്‍ പങ്കെടുത്ത റാലി യും നടന്നു. അതേസമയം, ഒന്നാം ലോക മഹായുദ്ധ കാലത്ത് ഉണ്ടായ ഈ സംഭവത്തെ വംശഹത്യ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ തുര്‍ക്കി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോപ് ഫ്രാന്‍സിസ് നടത്തിയ വംശഹത്യാ പരാമര്‍ശത്തോട് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പോപ്പിനെ താക്കീത് ചെയ്ത ഉര്‍ദുഗാന്‍ വത്തിക്കാനിലെ തുര്‍ക്കി അംബാസിഡറെ കൂടിയാലോചനകള്‍ക്കായി തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തെ സംഘര്‍ഷങ്ങളിലും ഏറ്റുമുട്ടലുകളിലും പെട്ടാണ് ഇത്രയുമാളുകള്‍ കൊലചെയ്യപ്പെട്ടതെന്നും തുര്‍ക്കിക്കാര്‍ക്കും ഏറ്റുമുട്ടലില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നുമാണ് തുര്‍ക്കിയുടെ വാദം. തങ്ങളുടെ രാജ്യത്തെ പൂര്‍വികര്‍ ഒരിക്കലും വംശഹത്യ നടത്തുന്നവരെല്ലെന്ന് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

Top