കെ.എസ്‌ ശബരീനാഥനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രസിഡന്റിന്റെ സ്ഥാനം തെറിക്കും

തിരുവനന്തപുരം: അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥന്‍ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയെപ്പോലും അതിജീവിച്ച് ചരിത്ര വിജയം നേടിയ പശ്ചാത്തലത്തില്‍, ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെപിസിസി പ്രസിഡന്റിനു പരാതി നല്‍കി മനപൂര്‍വ്വം വിവാദമുണ്ടാക്കിയ കെഎസ്‌യു പ്രസിഡന്റ് വി.എസ് ജോയിയെ സ്ഥാനത്തുനിന്നും നീക്കും.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ഒരേ നിലപാടാണുള്ളത്. ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമില്ലാതെ സ്വീകാര്യത ലഭിച്ചപ്പോള്‍ കെഎസ്‌യുവാണ് പരസ്യമായ എതിര്‍പ്പുമായെത്തി വിവാദമുണ്ടാക്കിയത്.

ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കുന്നത് അവമതിപ്പുണ്ടാക്കുമെന്നും സ്ഥാനാര്‍ത്ഥിയായി യുവാക്കളെയും പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെയുമാണ് പരിഗണിക്കേണ്ടതെന്നും കാട്ടിയാണ് കെഎസ്‌യു പ്രസിഡന്റ് വി.എസ് ജോയി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്.

ഈ സംഭവം ഇടതുപക്ഷം അരുവിക്കരയില്‍ പ്രചരണായുധമാക്കിയിരുന്നു. ഇതോടെ ‘കെഎസ്‌യുവിന് അഭിപ്രായം പറയാന്‍ അരുവിക്കരയില്‍ നടക്കുന്നത് കോളേജ് ഇലക്ഷനല്ലെന്നു’ പറഞ്ഞ് വി.എം സുധീരന്‍ തന്നെ തിരിച്ചടിച്ചു.

ഇതിന് മറുപടിയായി ‘കെപിസിസി പ്രസിഡന്റ് വാലുമുറിക്കുന്ന പല്ലിയാകരുത്’ എന്ന് വി.എസ് ജോയി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിനും മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.

പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ജോയിക്കെതിരെ നടപടിയെടുക്കാന്‍ അന്നുതന്നെ ആലോചനയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ അത് പ്രതികൂലമാകുമെന്നു കണ്ട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അരുവിക്കരയില്‍ റോഡ് ഷോ നടത്താന്‍ എത്തിയതൊഴിച്ചാല്‍ കാര്യമായ പ്രചരണത്തിനും ജോയി ഉണ്ടായിരുന്നില്ല. ഇതും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിവാഹം കഴിഞ്ഞാല്‍ കെഎസ്‌യു പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് ജോയി പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതെന്ന ആക്ഷേപം കെഎസ്‌യു വില്‍ ‘ഐ’ വിഭാഗം നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഇതോടെ ജോയി കെഎസ്‌യു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരുന്നില്ല.

കെഎസ്‌യു പ്രസിഡന്റിന് മത്സരിക്കാന്‍ നിയമസഭാ സീറ്റ് നല്‍കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിലുണ്ട്. അരുവിക്കരയില്‍ കാര്‍ത്തികേയന്റെ പത്‌നി ഡോ. സുലേഖ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ സീറ്റു ലഭിക്കുമെന്ന പ്രതീക്ഷ ജോയിക്കുണ്ടായിരുന്നതായും ആരോപണമുണ്ട്.

ശബരീനാഥനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മത്സരമോഹം പൊലിഞ്ഞതാണ് ശബരീനാഥനെതിരെ പരാതി നല്‍കാന്‍ കാരണമെന്നും കെഎസ്‌യുവില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കെഎസ്‌യു പ്രസിഡന്റിന്റെ വിമര്‍ശനം ഇടതുമുന്നണി പ്രചരണായുധമാക്കിയതോടെയാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജോയി അരുവിക്കരയില്‍ കെഎസ്‌യുവിന്റെ റോഡ് ഷോ നടത്തിയത്.

ശബരീനാഥനെതിരെ പരാതി നല്‍കിയ ജോയി തന്നെ, ശബരീനാഥന്‍ ചിപ്പിക്കുള്ളിലെ മുത്താണെന്നു പറഞ്ഞ് മലക്കം മറിഞ്ഞെങ്കിലും പ്രചരണത്തില്‍ സജീവമായിരുന്നില്ല.

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ജീവന്‍മരണ പോരാട്ടമായ അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നിലപാടെടുത്ത ജോയിയെ മാറ്റണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പുഭേദമില്ലാതെ ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്.

Top